ബൽറാമിനെതിരെ തൃത്താല കോൺഗ്രസിൽ പടയൊരുക്കം; നടപടികളിൽ പ്രതിഷേധിച്ച് ഗ്രൂപ്പ് യോഗം ചേർന്ന് ഒരു വിഭാഗം നേതാക്കൾ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃത്താല മുൻ എംഎൽഎ വി ടി ബൽറാമിനെതിരെ തൃത്താല കോൺഗ്രസിൽ പടയൊരുക്കം. ബൽറാം ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കുന്നയാളാണെന്നും ഏകാധിപത്യ രീതിയാണ് എന്നുമാണ് ചില നേതാക്കളുടെ ആരോപണം. ബൽറാമിന്റെ നടപടികളിൽ പ്രതിഷേധിച്ച് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പ്രത്യേക ഗ്രൂപ്പ് യോഗം ചേർന്നു.

കഴിഞ്ഞ ദിവസമാണ് കെ കരുണാകരൻ ഫൗണ്ടേഷൻ്റെ പേരിൽ പുതിയ ഗ്രൂപ്പ് രൂപീകരണം നടന്നത്. ഡിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ മുപ്പതിലധികം നേതാകളുടെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്. യോഗത്തിൽ ബൽറാമിനെതിരെ രൂക്ഷവിമർശനമാണ് ഉണ്ടായത്. പാർട്ടി പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്ത ബൽറാമിൻ്റെ ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ഗ്രൂപ്പ് യോഗത്തിൽ വിമർശനമുണ്ടായി.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏകാധിപത്യ രീതിയിലായിരുന്നു ബൽറാം പ്രവർത്തിച്ചിരുന്നത് എന്നും വിമർശനമുണ്ടായി. സ്ഥാനാർത്ഥി നിർണയത്തിലും പഞ്ചായത്ത് പ്രസിഡന്റുമാരെ നിയമിക്കുന്നതിലും ബൽറാമിന്റെ ഇടപെടലുകളുണ്ടായി. പ്രവർത്തകരെ പുറത്താക്കുകയും അവരെ തിരിച്ചെടുക്കരുത് എന്നും ബൽറാം വാശിപിടിച്ചതായും വിമർശനമുണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താല കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമായിരുന്നു ബൽറാമിൻ്റെ തോൽവിക്ക് വഴിയൊരുക്കിയത്. അതേ സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിവരുന്നത്.

Exit mobile version