നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് 27 സീറ്റുകളില്‍ മത്സരിക്കും. ഇതുസംബന്ധിച്ച് യുഡിഎഫില്‍ പ്രാഥമിക ധാരണയായി. ചില സീറ്റുകള്‍ വെച്ചുമാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ മാത്രമാണ് ധാരണയായത്. പകരം ലീഗിന് ഏത് സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ല.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ കോണി ചിഹ്നത്തിലും രണ്ടിടത്ത് സ്വതന്ത്ര ചിഹ്നത്തിലുമാണ് മുസ്ലിം ലീഗ് മത്സരിച്ചിരുന്നത്. ലീഗിന് 27 സീറ്റുകള്‍ തന്നെ നല്‍കാനാണ് ധാരണയായിട്ടുള്ളത്. തിരുവമ്പാടിയില്‍ ലീഗിനു പകരം കോണ്‍ഗ്രസ് മത്സരിച്ചാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടല്‍. വി എസ് ജോയി അടക്കമുള്ളവരെ തിരുവമ്പാടിയില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മന്ത്രി റോഷി അഗസ്റ്റിന്‍ വിജയിച്ചു വരുന്ന ഇടുക്കി സീറ്റിലും കോണ്‍ഗ്രസ് കണ്ണുവെച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റേതാണ് നിലവില്‍ ഈ സീറ്റ്. ഇവിടെ കേരള കോണ്‍ഗ്രസ് മത്സരിച്ചാല്‍ ജയസാധ്യത കുറവാണ്. പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വന്നാല്‍ റോഷിയെ തറപറ്റിച്ച് മണ്ഡലം തിരിച്ചു പിടിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു. എന്നാല്‍ മണ്ഡലം വിട്ടുകൊടുക്കാനാകില്ലെന്നാണ് പി ജെ ജോസഫിന്റെ നിലപാട്.
13 സീറ്റുകളും വേണമെന്നാണ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ അധിക സീറ്റ് മോഹിക്കേണ്ടതില്ലെന്ന് സിപിഎം കേരള കോണ്‍ഗ്രസിനെ അറിയിച്ചതായാണ് സൂചന. കഴിഞ്ഞ തവണ വിട്ടു നല്‍കിയ കുറ്റ്യാടി സീറ്റിന് പകരം സീറ്റു ലഭിക്കുമോയെന്നതില്‍ വ്യക്തതയായിട്ടില്ല.
കഴിഞ്ഞ തവണ വിട്ടു നല്‍കിയ കുറ്റ്യാടി സീറ്റിനായി ഇത്തവണ കേരള കോണ്‍ഗ്രസ് ( എം) ബലംപിടിക്കില്ല. പകരം പേരാമ്പ്ര, ഏലത്തൂര്‍, കുട്ടനാട്, തിരുവനന്തപുരം സീറ്റുകളില്‍ ഒന്ന് ആവശ്യപ്പെടാനാണ് ജോസ് കെ മാണിയുടെ നീക്കം. ഇക്കാര്യം സൂചിപ്പിച്ച് ജോസ് എല്‍ഡിഎഫിന് കത്തു നല്‍കി. കുറ്റ്യാടി സീറ്റുകള്‍ വിട്ടു നല്‍കിയതോടെ, കഴിഞ്ഞ തവണ 12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് ( എം) മത്സരിച്ചിരുന്നത്. ഇത്തവണ നേരത്തെ നല്‍കിയ 13 സീറ്റുകളും വേണമെന്നാണ് ജോസ് കെ മാണി ആവശ്യപ്പെട്ടിട്ടുള്ളത്.
ആര്‍ജെഡിക്ക് മൂന്നു സീറ്റുകള്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്. മുമ്പ് മത്സരിച്ചിരുന്ന കോവളം സീറ്റ് കൂടി വേണമെന്ന ആര്‍ജെഡിയുടെ ആവശ്യം തള്ളി. കല്‍പ്പറ്റ, വടകര, കൂത്തുപറമ്പ് സീറ്റുകള്‍ ആര്‍ജെഡിക്ക് നല്‍കാനാണ് തീരുമാനം. മുമ്പ് നീലലോഹിതദാസന്‍ നാടാര്‍ കോവളത്ത് മത്സരിച്ചിരുന്നു. നീലലോഹിത ദാസന്‍ നാടാര്‍ ഇപ്പോള്‍ ആര്‍ജെഡിയിലാണ്. അതിനാലാണ് കോവളം സീറ്റു കൂടി ആര്‍ജെഡി ആവശ്യപ്പെട്ടത്.
