മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാരിന്‍റെ വീടുകളുടെ താക്കോൽ കൈമാറ്റം ഇന്ന്

കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാകുന്നു. വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ 178 വീടുകളുടെ താക്കോല്‍ കൈമാറ്റം ഇന്ന് നടക്കും. ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും ഇന്ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിലേക്ക് ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൃദയപൂര്‍വ്വം ക്ഷണിച്ചു. കേരള ജനതയുടെ ഐക്യത്തിലും ഇച്ഛാശക്തിയിലും ഊന്നിക്കൊണ്ട് ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണം ലോകോത്തര നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ആ ഉറപ്പ് യാഥാര്‍ത്ഥ്യമാവുന്ന ആവേശകരമായ മുഹൂര്‍ത്തമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിലേക്കാണ് മുഖ്യമന്ത്രി എല്ലാവരെയും ക്ഷണിച്ചത്.

ദുരന്തത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീട് നൽകുന്നത്. 44.33 കോടി രൂപ കോടതിയിൽ കെട്ടിവച്ച് 2025 ഏപ്രിൽ 11 ന് സർക്കാർ ഏറ്റെടുത്ത കൽപ്പറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിലെ 64.4075 ഹെക്ടർ ഭൂമിയിൽ പ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ 410 വീടുകളാണ് നിർമിക്കുന്നത്. 402 കുടുംബാംഗങ്ങളിലെ 1662 പേരാണ് താമസിക്കുക.

ടൗൺഷിപ്പിൽ ടെക്‌നിക്കൽ പ്രൊജക്ട് ഹെഡ് എൻജിനീയർ, ടെക്‌നിക്കൽ മാനേജർ, നാല് പ്രൊജക്ട് എൻജിനീയർമാർ, ഒരു ക്വാളിറ്റി സർവേയർ, പ്രതികൂല കാലാവസ്ഥ അതിജീവിച്ച് ഒരു ഡോക്യുമെന്റ് കൺട്രോളർ, ഒൻപത് അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയർമാർ എന്നിവരുടെ നേതൃത്വത്തിൽ ദിവസേന 1500- ലധികം തൊഴിലാളികളാണ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത്. ടൗൺഷിപ്പിലെ വീട് നിർമിക്കുന്നതിന് 299 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.

2024 ജൂലൈ 30നാണ് നാടിനെയാകെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടാകുന്നത്.

Exit mobile version