തിരുവനവന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ കരട് പട്ടികയിൽ നിന്ന് 53,229 പേർ ഒഴിവാക്കപ്പെടും. മരിച്ചവർ, വിദേശ പൗരത്വം സ്വീകരിച്ചവർ ഉൾപ്പെടെയാണ് ഒഴിവാക്കപ്പെടുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പറഞ്ഞു. അന്തിമ വോട്ടർപട്ടിക നാളെ പുറത്തിറങ്ങും.
നേരത്തേ 36,88,948 പേരുടെ ഹിയറിങ്ങ് നടത്തിയിരുന്നു. അന്തിമ വോട്ടർ പട്ടികയിൽ 2,69,53,644 പേരാണ് ഇടം പിടിച്ചത്. ഇതിൽ 22,35,588 പേർ പ്രവാസി വോട്ടർമാരാണ്. 4,24,518 പുതിയ വോട്ടർമാരാണുള്ളത്. 1,38,27,319 സ്ത്രീ വോട്ടർമാരാണുള്ളത്. എസ്‌ഐആർ നടപടിയുടെ ഭാഗമായി ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ നിന്ന് 24.08 പേരാണ് പുറത്തായിരുന്നത്. ആകെ 2,54,42,352 വോട്ടർമാരാണ് കരട് പട്ടികയിലുണ്ടായിരുന്നത്.
അതേസമയം വോട്ടർ പട്ടികയിൽ അർഹതപ്പെട്ടവർ ഉണ്ടെന്ന് അനുമാനിക്കാർ മാത്രമെ സാധിക്കുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ 2.85 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. 30 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. എത്ര പേർ ഹിയറിങ്ങിൽ പങ്കെടുത്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ പേരുള്ളവരെ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവും എം വി ജയരാജൻ ഉന്നയിച്ചു. തളിപ്പറമ്പിൽ ഷോപ്പിങ്ങ് മാളിലും വോട്ട് ചേർത്തിട്ടുണ്ടെന്നും തന്റെ വോട്ട് മാളിലാണ് ചേർത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിൽ ഷോപ്പിംഗ് മാൾ അഡ്രസിലാണ് 220 പേരുടെ വോട്ട് ചേർക്കപ്പെട്ടത്. അതിൽ 16 വോട്ട് ഒരു വീട്ടുപേരിൽ ഉണ്ട്. വളരെ ഗൗരവമുള്ളതാണ് വിഷയമെന്നും എം വി ജയരാജൻ പറഞ്ഞു.മരിച്ചവരെ ഒഴിവാക്കിക്കോളൂ, എന്നാൽ 30 ലക്ഷത്തോളം പേരെ ഒഴിവാക്കിയത് പരിഹരിച്ചേ മതിയാകുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.










Manna Matrimony.Com
Thalikettu.Com






