കാട്ടാക്കടയിൽ സ്കൂൾ, പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസുമടക്കം 54 സർക്കാർ സ്ഥാപനങ്ങൾ ഇനി സൗരോർജ്ജ കരുത്തിൽ

തിരുവനന്തപുരം: കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സർക്കാർ സ്ഥാപനങ്ങളെ ഊർജ്ജ സ്വയംപര്യാപ്തമാക്കുന്നതിനായി സ്ഥാപിച്ച സൗരോർജ്ജ നിലയങ്ങളുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.

മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കാട്ടാക്കട നിയോജക മണ്ഡലം എം.എൽ.എ ഐ.ബി സതീഷ് അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രശംസ പിടിച്ചുപറ്റിയ ‘ജലസമൃദ്ധി’ പദ്ധതിയിലൂടെ മഴവെള്ള സംഭരണത്തിൽ മാതൃകയായ കാട്ടാക്കട, പൊതുസ്ഥാപനങ്ങളിൽ സൗരോർജ്ജം നടപ്പിലാക്കി ഊർജ്ജ സംരക്ഷണത്തിലും പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.

സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ധനസഹായത്തോടെ ഏകദേശം 2.4 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ സർക്കാർ സ്കൂളുകൾ, ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, കൃഷിഭവനുകൾ, വില്ലേജ് ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, ബസ് സ്റ്റാൻഡ്, അംഗൻവാടികൾ തുടങ്ങി 54 ഇടങ്ങളിലായാണ് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ആകെ 455 കിലോവാട്ട് ശേഷിയുള്ള ഈ സൗരോർജ്ജ നിലയങ്ങൾ വഴി പ്രതിവർഷം 6,64,300 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കെഎസ്ഇബിയുടെ മേൽനോട്ടത്തിൽ ഇൻകൽ (INKEL) എന്ന സ്ഥാപനമാണ് പദ്ധതി നടപ്പിലാക്കിയത്

Exit mobile version