വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കണം; സുപ്രിംകോടതി

ന്യൂഡല്‍ഹി: വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ നിന്ന് സ്ത്രീയും പുരുഷനും വിട്ടുനില്‍ക്കണമെന്ന് സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബി വി നാഗരത്നയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജല്‍ ഭുയാല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് സുപ്രധാന പരാമര്‍ശം നടത്തിയത്.

വിവാഹത്തിന് മുന്‍പ് സ്ത്രീയും പുരുഷനും അപരിചിതരാണ്. അപരിചിതരുമായി ഇടപെടുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധാലുക്കളായിരിക്കണം. വിവാഹത്തിന് മുന്‍പ് ആരും ആരെയും വിശ്വസിക്കില്ല. കര്‍ശനമായ ജീവിത സാഹചര്യത്തിലാണ് വളരുന്നതെങ്കില്‍ വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധത്തിനായി പോവില്ല. നിരീക്ഷണം പഴയ രീതിയായി തോന്നാം. വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധത്തിന് ആളുകള്‍ എങ്ങനെ വഴങ്ങുന്നുവെന്ന് മനസിലാക്കുന്നതില്‍ പരാജയമാണെന്നും സുപ്രിംകോടതി പറഞ്ഞു.

മാട്രിമോണി വഴി 2022ലാണ് യുവതിയും യുവാവും പരിചയപ്പെടുന്നതും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തുന്നതും. പിന്നീട് യുവതി യുവാവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വിദേശത്തുവെച്ചും ഇരുവരും കണ്ടുമുട്ടി. യുവതിയുടെ സമ്മതമില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Exit mobile version