തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പുകഴ്ത്തുകയും പിണറായി വിജയൻ തന്നെ ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നും പറഞ്ഞ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യരെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മണിശങ്കർ അയ്യർക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും അധികാരസമയത്ത് കിട്ടാനുള്ളതെല്ലാം നേടിയെടുത്ത ആളാണ് അദ്ദേഹമെന്നും സതീശൻ ആരോപിച്ചു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാത്തത് സിപിഐഎമ്മിനാണെന്ന് സതീശൻ കടന്നാക്രമിച്ചു. വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് സർക്കാരാണ്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ അഫിഡവിറ്റ് തിരുത്തുമെന്നും സതീശൻ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദൻ പറയുന്നത് ആർക്കും മനസിലാകുന്നില്ല. വിഷയത്തിൽ യുഡിഎഫ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. അത് മനസിലാകാത്തത് ഗോവിന്ദന് മാത്രമാണ്. യുവതീ പ്രവേശനത്തെ അനുകൂലിച്ച് മുമ്പ് നൽകിയ സത്യവാങ്മൂലം തിരുത്തി കൊടുക്കാൻ സർക്കാർ തയ്യാറുണ്ടോ എന്നും വി ഡി സതീശൻ വെല്ലുവിളിച്ചു.
അതേസമയം യുഡിഎഫിന്റെ പുതുയുഗ യാത്രയിൽ ഇനിയും വിസ്മയങ്ങളുണ്ടാകുമെന്ന് സതീശൻ പറഞ്ഞു. അത് എന്താണെന്ന് പറഞ്ഞാൽ വിസ്മയം ഇല്ലല്ലോ എന്നും സതീശൻ വ്യക്തമാക്കി.
മണിശങ്കർ അയ്യരെ തള്ളി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. മണിശങ്കർ അയ്യർ പാർട്ടിയിൽ ഇല്ല. അക്കാര്യം എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മണിശങ്കർ അയ്യറുടെ പ്രസ്താവന ചടങ്ങിന് വിളിച്ചതിന്റെ ഉപകാരസ്മരണയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയ ഏക സംസ്ഥാനം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണെന്ന മണിശങ്കർ അയ്യരുടെ പരാമർശത്തെ പരിഹസിച്ച രമേശ് ചെന്നിത്തല, മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യമെന്ന് പ്രതികരിച്ചു.
ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘വിഷൻ 2031’ എന്ന അന്താരാഷ്ട്ര കോൺഫറൻസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മണിശങ്കർ അയ്യർ സംസ്ഥാനത്തിന്റെ വികസനത്തെയും സംസ്ഥാന സർക്കാരിനെയും പുകഴ്ത്തിയത്. അടുത്ത മുഖ്യമന്ത്രിയും പിണറായി വിജയൻതന്നെ ആയിരിക്കുമെന്നും അദ്ദേഹത്തെ വേദിയിലിരുത്തി മണിശങ്കർ അയ്യർ പറഞ്ഞിരുന്നു. സമ്മേളനം ബഹിഷ്‌കരിച്ച കോൺഗ്രസിന്റെ നടപടിയിൽ വളരെയധികം ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിഷയത്തിൽ മണിശങ്കർ അയ്യരെ തള്ളി ഹൈക്കമാൻഡ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മണിശങ്കർ അയ്യർക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞത്. മണിശങ്കർ പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു. അതേസമയം മണിശങ്കര്‍ അയ്യരെ അധിക്ഷേപിച്ചായിരുന്നു കെപിസിസി വക്താവ് ഡോ. ജിന്റോ ജോണിന്‍റെ പ്രതികരണം. ഈ അലവലാതിയെ ഇനിയും ചുമക്കണോയെന്നായിരുന്നു ജിൻ്റോ ജോൺ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്.
