തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍. ചലച്ചിത്ര ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുമ്പോള്‍ കാണിക്കേണ്ട സാമാന്യ മര്യാദ പോലും തന്നോട് കാണിച്ചില്ല. മാന്യതയോടെ പറഞ്ഞുവിടണമായിരുന്നെന്നും പ്രേംകുമാര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പരിഹരിച്ചില്ലെങ്കില്‍ അത് സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന് സദുദ്ദേശപരമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തന്നെ പുറത്താക്കിയതെന്നാണ് കരുതുന്നതെന്ന് പ്രേംകുമാര്‍ പറഞ്ഞു. ‘ഒരറിയിപ്പുമില്ലാതെയാണ് തന്നെ പുറത്താക്കിയത്. പുറത്താക്കുന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. അതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല. ഒരു സ്ഥാനത്ത് കുറച്ചുകാലമായി പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ നമുക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരുണ്ട്. അവരോട് ഒരു നന്ദി പറയാനുള്ള അവസരം പോലും ലഭിച്ചില്ലെന്നതാണ് വിഷമം. മാന്യമായ യാത്ര അയപ്പ് പോലും ആവശ്യപ്പെടുന്നില്ല. നമ്മുടെ വീട്ടില്‍ ജോലി ചെയ്യുന്ന ഒരാളുണ്ടന്ന് കരുതുക. നാളെ മുതല്‍ അയാള്‍ വരേണ്ടെന്ന് തീരുമാനിച്ചാല്‍ നമ്മള്‍ ഇന്നുതന്നെ അദ്ദേഹത്തോട് പറയും. കൂലി ബാക്കിയുണ്ടെങ്കില്‍ വാങ്ങിച്ചോണം. അല്ലെങ്കില്‍ എന്തെങ്കിലും സാധനങ്ങള്‍ ഉണ്ടെങ്കില്‍ അത് എടുക്കണമെന്ന് പറയുന്നത് സാമാന്യമര്യാദയാണ്. ആ ഒരു സാമാന്യ മര്യാദ എന്നോട് കാണിച്ചില്ല. താന്‍ പോയതിന് പിന്നാലെ നടന്ന സാസ്‌കാരിക സംഗമത്തിലേക്ക് തന്നെ ക്ഷണിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല’
‘സച്ചിദാനന്ദന്‍ വളരെ ആദരണീയനായ പ്രതിഭയാണ്. അദ്ദേഹവുമായി ഒരു താരതമ്യം പോലും ഞാന്‍ അര്‍ഹിക്കുന്നില്ല. പക്ഷെ കേരളത്തിലെ രണ്ട് പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളാണ് ചലച്ചിത്ര അക്കാദമിയും കേരള സാഹിത്യ അക്കാദമിയും. അവിടെ ഒരാളെ ഒരു പ്രതികരണം നടത്തിയതിന്റെ പേരില്‍ പുറത്താക്കുകയും മറ്റൊരാള്‍ അവിടെ തുടരുകയും ചെയ്യുകയെന്നത് ഇരട്ട നീതിയാണ്. ഒരുപക്ഷേ എനിക്ക് ഇല്ലാത്ത എന്തോ ഒരു അത്ഭുത സിദ്ധി മാഷിന് ഉണ്ടാകും. അതുകൊണ്ടാണ് ആ സ്ഥാനത്ത് തുടരുന്നത്. സച്ചിദാനന്ദന്‍ മാഷ് ആ സ്ഥാനത്ത് തുടരുന്നതിലല്ല. അവിടെ ഒരു സാമാന്യ നീതിനിഷേധം ഉണ്ടായി. എന്നോട് കാണിച്ച നീതിയല്ല അദ്ദേഹത്തിനോട് ഉണ്ടായത്’.
ആ സ്ഥാനത്ത് തുടരുന്നത് അദ്ദേഹം തുടരുന്നത് വിധേയത്വമാണോ, വിനീതത്വമാണോ എന്നൊന്നും എനിക്കിറിയില്ല. കോളജില്‍ പഠിക്കുമ്പോള്‍ കെഎസ് യു പ്രവര്‍ത്തകനായിരുന്നു ഞാന്‍. പിഎ ബക്കര്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സ്ഥാപക നേതാവായ പി കൃഷ്ണപിള്ളിയുടെ ജീവിതകഥ പറയുന്ന സഖാവ് എന്ന സിനിമയില്‍ ഞാനാണ് അദ്ദേഹത്തിന്റെ വേഷം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ജീവിത വിശുദ്ധി, മനുഷ്യപക്ഷത്തുനില്‍ക്കുന്ന നിലപാടുകളാണ് എന്നെ മാര്‍ക്‌സിസത്തോട് അടുപ്പിച്ചത്. കഴിഞ്ഞ 35 വര്‍ഷമായി കമ്യൂണിസ്റ്റ് ആശയങ്ങളുമായി ചേര്‍ന്നുനിന്നാണ് പ്രവര്‍ത്തിച്ചത്. അതിനിടെ തന്റെ ചില ലേഖനങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ചു. അങ്ങനെയിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്. ഒരു സിനിമ പോലും ചെയ്യാതെ പൂര്‍ണമായി പ്രവര്‍ത്തിച്ചപ്പോള്‍ എനിക്ക് ഓണറേറിയമായി ലഭിച്ചത് പതിനായിരം രൂപയായിരുന്നു. ആ സമയത്ത് സിനിമ നടന്‍ എന്ന നിലയില്‍ പരിപാടിക്ക് പോകുമ്പോള്‍ ലഭിക്കുന്ന പ്രതിഫലം കൊണ്ടാണ് തന്റെ ജീവിതം മുന്നോട്ട് പോയത്. അവിടെ നിന്ന് പറഞ്ഞ് വിടുമ്പോള്‍ മാന്യമായി വേണമെന്ന ഒരു മനുഷ്യന്റെ സാമാന്യ പ്രതികരണമാണ് എന്നില്‍ നിന്ന് ഉണ്ടായത്. എന്താണ് പുറത്താക്കിയതിന്റെ കാരണം എന്ന് എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല’ പ്രേംകുമാര്‍ പറഞ്ഞു.
