കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍. വേദിയില്‍ വടകര എംപി ഷാഫി പറമ്പില്‍ പ്രസംഗിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോഴുണ്ടായ സ്‌നേഹതള്ളല്‍ മാത്രമാണ് അതെന്നും ഉന്തും തള്ളുമായി വ്യാഖ്യാനിക്കരുതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
ജാഥ വൈകിയതിനാല്‍ പാറക്കല്‍ അബ്ദുള്ളയും എം കെ രാഘവനും സംസാരിക്കട്ടെയെന്ന് ഷാഫി പറമ്പില്‍ പറയുകയായിരുന്നു. ഷാഫിക്ക് നീരസം ഉണ്ടായിട്ടില്ല. ഷാഫി സംസാരിക്കണമെന്ന് വീണ്ടും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ വിളിക്കരുതെന്ന് പറഞ്ഞ് സ്‌നേഹതള്ളല്‍ നടത്തിയതാണ്. സ്‌നേഹത്തള്ളിനെ ഉന്തും തള്ളലുമാക്കരുത്. വേദിയില്‍ ആരും വീണിട്ടില്ല’, ഡിസിസി പ്രസിഡന്റ് വിശദീകരിച്ചു.
‘സോഷ്യല്‍മീഡിയയിലെ സൈബര്‍ ആക്രമണം ഉള്‍കൊള്ളാം. മാധ്യമങ്ങള്‍ വാസ്തവ വിരുദ്ധമായ വാര്‍ത്ത കൊടുക്കരുത്. വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണ് ഇന്നലെ വന്നത്. ദയവായി അതിന്റെ പിന്നാലെ പോകരുത്. ജാഥയുടെ പോസിറ്റീവ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യൂ. ഇന്നലെ രാത്രി 10 മണിക്ക് ജാഥ അവസാനിക്കുമ്പോള്‍ വരെ, മൂന്ന് മണിക്കൂര്‍ വൈകിയെത്തിയ ജാഥയ്ക്ക് ജനങ്ങള്‍ക്കിടയില്‍ നിന്നുണ്ടായ പ്രതികരണം, ജനപങ്കാളിത്തം അതൊക്കെയല്ലേ ചര്‍ച്ചയാക്കേണ്ടത്. എത്ര ജാഥ കടന്നുപോയി. തൊട്ടുമുന്‍പൊരു ജാഥ കടന്നുപോയില്ലേ. ജാഥയാവട്ടെ കണ്‍വെന്‍ഷനാകട്ടെ യോഗം ആകട്ടെ സമയം വൈകി എത്തുമ്പോള്‍ സംഘാടകര്‍ ഒരുമിച്ചിരുന്ന് ചില തീരുമാനങ്ങള്‍ എടുത്ത് ഭേദഗതി വരുത്തും. ആ ഭേദഗതി ഇങ്ങനെ വാര്‍ത്തയാക്കിയാല്‍ എന്താ ചെയ്യുക’, കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. ജാഥയുടെ ശോഭ സിപിഐഎം സൈബര്‍ ആക്രമണം നടത്തി നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രവീണ്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ വൈകിട്ട് വൈകിട്ട് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര കോഴിക്കോട് കുറ്റ്യാടിയില്‍ എത്തിയപ്പോള്‍ നടന്ന സംഭവങ്ങളായിരുന്നു വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ജാഥാ ക്യാപ്റ്റനായ വി ഡി സതീശന് മുന്‍പ് ഷാഫി പറമ്പില്‍ പ്രസംഗിക്കുന്നതിന് വിളിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമായതെന്നായിരുന്നു വിവരം. ജാഥാ ക്യാപ്റ്റന് മുന്‍പ് സംസാരിക്കേണ്ടിയിരുന്നത് ഷാഫി പറമ്പില്‍ ആയിരുന്നു. എന്നാല്‍ യോഗത്തിന് അധ്യക്ഷത വഹിച്ച ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഷാഫിക്ക് മുന്‍പ് സതീശനെ ക്ഷണിച്ചു. ഇതിനിടെ വേദിയില്‍ നിന്ന് ഷാഫിയെ പ്രസംഗിക്കാന്‍ വിളിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു.
