തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി വിഎസ്‍എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് തുടങ്ങി. എസ്ഐടി സംഘമാണ് മൊഴിയെടുക്കുന്നത്. സങ്കീര്‍ണമായ ശാസ്ത്രീയ പരിശോധന ഫലത്തിൽ നിന്ന് പലതും ഡീകോഡ് ചെയ്യേണ്ടതുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. പൂര്‍ണമായ സംശയ നിവാരണത്തിന് ഒരാഴ്ച കൂടിവേണമെന്നും പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധന ഫലവുമായി താരതമ്യം ചെയ്യേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
നഷ്ടമായ സ്വര്‍ണത്തിന്‍റെ അവളവ് കൃത്യമായി കണ്ടെത്താനാണ് നീക്കം. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുരാരി ബാബുവിന്‍റെ മൊഴിയെടുക്കും. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ രണ്ടാം പ്രതിയാണ് ദേവസ്വം ബോര്‍ഡ് മുൻ അഡ്മിനിസ്ട്രേറ്റര്‍ മുരാരി ബാബു. മൊഴിയെടുക്കുന്നതിനായി മുരാരി ബാബുവിന് ഈയാഴ്ച നോട്ടീസ് നൽകും.
അതേസമയം, ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാവാത്തതും അറസ്റ്റുകൾ ബാക്കിയുള്ളതുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമാകുന്നത്. സ്വർണക്കൊളളയിൽ അറസ്റ്റുകളുണ്ടായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്ത എസ്ഐടി നടപടി നീളുകയാണ്.
