തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് -പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. xc 138455 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ.
ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് നറുക്കെടുപ്പ് നടന്നത്. ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ക്രിസ്തുമസ് പുതുവത്സര ബമ്പറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റെക്കോര്‍ഡ് വില്‍പനയാണ് ഇത്തവണ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറിക്ക് ഉണ്ടായത്. 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു. ഇത്തവണ ഇതുവരെ 54,08,880 ടിക്കറ്റുകളാണ് വിറ്റത്.
