ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോർഖി ഭവനിലെ സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് നറുക്കെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ടിക്കറ്റ് വിൽപനയിൽ റെക്കോർഡ് ആണ്.

അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളിൽ 54,08,880 ടിക്കറ്റുകൾ ഇതിനോടകം വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു. ഇത്തവണ ടിക്കറ്റിന് ആവശ്യക്കാർ ഏറിവന്നതോടെ അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി വിപണിയിലെത്തിച്ചിരുന്നു. ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്മസ് പുതുവത്സര ബമ്പറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ഏറ്റവും കൂടുതല്‍ വിൽപന നടന്നത്‌ പാലക്കാട്‌ ജില്ലയിലാണ്‌. ഇതുവരെ 12,20,520 ടിക്കറ്റുകളാണ്‌ വിറ്റത്‌. രണ്ടാം സ്ഥാനത്തുള്ള തൃശൂര്‍ ജില്ലയില്‍ 5,44,340 ടിക്കറ്റുകളാണ്‌ വിറ്റത്‌. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത്‌ 5,15,090 ടിക്കറ്റുകളുടെ വിൽപന നടന്നു. കഴിഞ്ഞ തവണ നാലാം സ്ഥാനത്തുണ്ടായിരുന്ന എറണാകുളത്തിനെ അട്ടിമറിച്ച്‌ 3,34,910 ടിക്കറ്റുകള്‍ വിറ്റ കൊല്ലം ജില്ല നാലാം സ്ഥാനത്തും 3,11,780 ടിക്കറ്റുകളുടെ വിൽപനയോടെ കണ്ണൂര്‍ ജില്ല അഞ്ചാം സ്ഥാനത്തുമാണ്‌.

ക്രിസ്മസ് പുതുവത്സര ബമ്പർ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും, നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും, അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. പത്ത് സീരീസുകളിലായുള്ള ടിക്കറ്റിൽ ബമ്പർ സമ്മാനം ലഭിക്കാതെ പോയ മറ്റ് ഒൻപത് സീരീസിനായി ഒരു ലക്ഷം രൂപ വീതമുള്ള ഒൻപത് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.

കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിന്റെ സവിശേഷത. BR 107 നമ്പർ ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. 400 രൂപയാണ് ഓരോ ടിക്കറ്റിന്റെയും വില.

Exit mobile version