എൻ വാസുവിന് ജാമ്യം നൽകാതെ സുപ്രീം കോടതി; ദൈവത്തെ കൊള്ളയടിച്ച കേസല്ലേയെന്ന് കോടതിയുടെ ചോദ്യം

ന്യൂഡൽഹി/ കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ വാസുവിന് സുപ്രീം കോടതിയിൽ തിരിച്ചടി. വാസു സമർപ്പിച്ച ജാമ്യഹർജി സുപ്രീം കോടതി തള്ളി. രൂക്ഷ വിമർശനത്തോടെയാണ് ജസ്റ്റിസ് ദീപാശങ്കർ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുൾപ്പടെ പൂർത്തിയായതിനാൽ ഇനി തൻറെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിൻറെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്ന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് ജാമ്യഹർജി പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ചോദിച്ചു.

താൻ കമ്മീഷണർ മാത്രമായിരുന്നു എന്നായിരുന്നു വാസുവിൻറെ വാദം. എന്നാൽ, കേസിൽ ഇടപെടുന്നില്ലെന്ന് അറിയിച്ച് കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. 72 ദിവസമായി ജയിലിൽ കഴിയുകയാണ് എൻ വാസു. കേസിലെ മറ്റൊരു പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതിയും തള്ളിയിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യ പ്രതികളുടെ സ്വത്ത് മരവിപ്പിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. 1.3 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം നിരോധന നിയമ പ്രകാരമാണ് നടപടി.ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ 21 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇത്രയും സ്വത്തുക്കൾ മരവിപ്പിച്ചത്. എട്ട് സ്ഥാവര സ്വത്തുക്കൾ മരവിപ്പിച്ചു. സ്വർണക്കട്ടികളായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ സൂക്ഷിച്ച 100 ഗ്രാം സ്വർണവും റെയ്ഡിൽ പിടിച്ചെടുത്തു. ഡിജിറ്റൽ തെളിവുകളും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്.

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നോ എന്നും പ്രതികൾ അനധികൃത സ്വത്ത് സമ്പാദിച്ചോ എന്നുമാണ് ഇഡി പരിശോധിക്കുന്നത്. 2019 മുതൽ സന്നിധാനത്ത് സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകൾ ഇഡി കണ്ടെത്തിയതായും വിവരമുണ്ട്.

ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്നുമാണ് സുപ്രധാന രേഖകൾ കണ്ടെടുത്തത്. ദ്വാരപാലക പാളികളും കട്ടിളപ്പാളികളും സ്വർണം പൊതിയാൻ തീരുമാനമെടുത്ത മിനുട്ട്‌സുകളും ഫയലുകളും സ്വർണം പൊതിഞ്ഞ് ചെമ്പാണെന്ന് തിരുത്തിയ രേഖകളും കസ്റ്റഡിയിലെടുത്തതായും ഇഡി അവകാശപ്പെട്ടു.

Exit mobile version