ദീപക്കിൻറെ ആത്മഹത്യ: ഷിംജിതക്കായി പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും

കോഴിക്കോട്: ബസിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിതക്കായി പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെയാണ് പ്രതിയെ വടകരയിലെ ബന്ധുവീട്ടിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ യുവതി ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും അത് സാധൂകരിക്കുന്ന തെളിവുകളോ മൊഴികളോ പൊലീസിന് ലഭിച്ചിട്ടില്ല.

സംഭവം നടന്ന ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി വേഗത്തിൽ ശേഖരിച്ച് തുടർനടപടികളിലേക്ക് കടക്കാനാണ് പോലീസിൻറെ നീക്കം. വീഡിയോ ചിത്രീകരിച്ച മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്ന നടപടിയിലേക്കും പോലീസ് കടക്കും. അതേസമയം ഇന്നുതന്നെ കുന്നമംഗലം കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണ് ഷിംജിതയുടെ നീക്കം.

കഴിഞ്ഞ വെളളിയാഴ്ച പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് യാത്രയ്ക്കിടെ ലൈംഗീക ഉദ്ദേശത്തോടെ തൻറെ ശരീരത്തിൽ സ്പർശിച്ചെന്നും ഇക്കാര്യം താൻ വീഡിയോയിൽ ചിത്രീകരിക്കുന്നത് കണ്ടിട്ടും അതിക്രമം തുടർന്നെന്നും ആയിരുന്നു ദീപകിൻറെ പേര് പരാമർശിക്കാതെ എന്നാൽ മുഖം വ്യക്തമാകും വിധം വിധം ഷിംജിത സമൂഹ മാധ്യമത്തിൽ വീഡിയോ സഹിതം ഉന്നയിച്ച ആരോപണം.

എഡിറ്റ് ചെയ്ത ആദ്യ വീഡിയോയിൽ ബസ് യാത്രയിലെ ദൃശ്യവും രണ്ടാമത്തെ വീഡിയോയിൽ സംഭവത്തെക്കുറിച്ചുളള ഷിംജിതയുടെ വിശദീകരണവുമായിരുന്നു ഉണ്ടായിരുന്നത്. ഒരു ദിവസം കൊണ്ട് 23 ലക്ഷത്തോളം പേർ ഈ വീഡിയോ കണ്ടു.

Exit mobile version