ലൈം​ഗികാതിക്രമമെന്ന ആരോപണത്തെ തുടർന്ന് യുവാവിന്റെ ആത്മഹത്യ; യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനുപിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി കുടുംബം. വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ കേസുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.

ദീപക് തെറ്റ് ചെയ്തിട്ടില്ല. യുവതിയുടെ പോസ്റ്റ്‌ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ദീപക് മനോവിഷമത്തിലായി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ദീപക് പറഞ്ഞിരുന്നു. ദീപക്കിന് നീതി കിട്ടാനായി ഏതറ്റം വരെയും പോകുമെന്ന് കുടുംബവും സുഹൃത്തുക്കളും ഏഷ്യാനെറ്റ്‌ ന്യൂസിനോട് വ്യക്തമാക്കി.

പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വെച്ച് ദീപക് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതുപ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടില്‍ ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് എക്സിക്യുട്ടീവായ ദീപക്, ഔദ്യോഗിക ആവശ്യത്തിനായി പയ്യന്നൂരിൽ പോയപ്പോഴാണ് സംഭവം. അതേസമയം മോശമായ രീതിൽ സ്പർശിച്ചു എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് യുവതി.

സാമൂഹിക മാധ്യമങ്ങളിലെ യുവതിയുടെ ആരോപണം ദീപകിനെ മാനസികമായി തകര്‍ത്തെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).

Exit mobile version