ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള രാജ്യത്തെ ആദ്യ റിപ്പബ്ലിക് ദിന പരേഡ് ചരിത്രപരമായ സൈനിക പ്രകടനത്തിന് സാക്ഷ്യം വഹിക്കും. യുദ്ധക്കളത്തിൽ സേനാവിഭാഗങ്ങൾ എങ്ങനെ വിന്യസിക്കപ്പെടുന്നു എന്നതിന്റെ കൃത്യമായ മാതൃക ആദ്യമായി ഇത്തവണത്തെ പരേഡിൽ ഇന്ത്യ പ്രദർശിപ്പിക്കും. പുതുതായി രൂപീകരിച്ച ‘ഭൈരവ്’ ലൈറ്റ് കമാൻഡോ ബറ്റാലിയനും തദ്ദേശീയമായി വികസിപ്പിച്ച വിവിധ പ്രതിരോധ സംവിധാനങ്ങളും ഇതിന്റെ ഭാഗമാകും.
വാസ്തവത്തിലുള്ള ഒരു യുദ്ധസാഹചര്യത്തിൽ സൈനിക ആസ്തികൾ ഏത് ക്രമത്തിലാണോ വിന്യസിക്കപ്പെടുന്നത്, അതേ ക്രമത്തിലാകും ഇത്തവണ കർതവ്യ പഥിലൂടെ അവ നീങ്ങുക. പൊതുജനങ്ങൾക്ക് യുദ്ധമുഖത്തെ സേനാ നീക്കങ്ങളെക്കുറിച്ച് നേരിട്ട് അറിവ് നൽകുന്ന രീതിയിലാകും ഈ പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്.
ഡ്രോണുകൾ, ടാങ്ക് വിരുദ്ധ മിസൈലുകൾ എന്നിവ ഘടിപ്പിച്ച അതിവേഗ നിരീക്ഷണ വാഹനങ്ങളാണ് പരേഡിൽ ആദ്യം എത്തുക. അപ്പാച്ചെ ഹെലികോപ്റ്ററുകൾ, തദ്ദേശീയമായി നിർമ്മിച്ച പ്രചണ്ഡ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ എന്നിവ ആകാശത്ത് അകമ്പടി സേവിക്കും. ഇതിന് പിന്നാലെ ടി-90 ടാങ്കുകൾ, അർജുൻ മെയിൻ ബാറ്റിൽ ടാങ്കുകൾ, ബി.എം.പി-കക, നാഗ് മിസൈൽ സിസ്റ്റം എന്നിവ അണിനിരക്കും.
സേനയ്ക്ക് പിന്തുണ നൽകുന്ന ലോജിസ്റ്റിക് വാഹനങ്ങൾ, റോബോട്ടിക് നായ്ക്കൾ, ബാക്ട്രിയൻ ഒട്ടകങ്ങൾ, സാൻസ്‌കാർ പോണികൾ എന്നിവയും പരേഡിന്റെ ഭാഗമാകും.പരേഡിലെ ഏറ്റവും പ്രധാന ആകർഷണം ഇത്തവണ ആദ്യമായി പൊതുവേദിയിൽ എത്തുന്ന ‘ഭൈരവ്’ ലൈറ്റ് കമാൻഡോ ബറ്റാലിയനായിരിക്കും. കാലാൾപ്പടയുടെ മുൻനിരയിൽ ഇവരുടെ പ്രകടനം ഉണ്ടാകും.ആകാശ് മിസൈലുകൾ, ബ്രഹ്മോസ്, ധനുഷ് പീരങ്കികൾ, ബി.എഫ്.എസ്.ആർ രാഡറുകൾ ഘടിപ്പിച്ച വാഹനങ്ങൾ, ഡ്രോൺ ശക്തി, ഗ്ലേസിയർ എ.ടി.വി തുടങ്ങിയവ പരേഡിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതും.
മൊത്തം 15 മിനിറ്റോളം നീണ്ടുനിൽക്കുന്ന ഈ യുദ്ധമുഖ പ്രദർശനത്തിൽ 18 മാർച്ചിംഗ് കോണ്ടിഞ്ചന്റുകളും 13 ബാൻഡുകളും പങ്കെടുക്കും. വ്യോമസേനയുടെ ഫ്‌ലൈപാസ്റ്റിൽ റഫാൽ, സുഖോയ്-30, മിഗ്-29, സി-295 തുടങ്ങിയ വിമാനങ്ങൾ വിവിധ ഫോർമേഷനുകളിൽ ആകാശ വിസ്മയം തീർക്കും. ഇന്ത്യൻ വ്യോമസേനയിലെ മുൻകാല സേവനങ്ങളെ അനുസ്മരിപ്പിക്കുന്ന വിമുക്തഭടന്മാരുടെ നിശ്ചലദൃശ്യവും ഇത്തവണത്തെ പ്രത്യേകതയാണ്.
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യയുടെ സൈനിക ശക്തിയും തദ്ദേശീയമായ സാങ്കേതിക മുന്നേറ്റവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള സുവർണ്ണാവസരമാകും ഈ 77-ാം റിപ്പബ്ലിക് ദിന പരേഡ്.
