കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവരും പരാജയപ്പെട്ടവരുമായ മുഴുവൻ കോൺഗ്രസ് പ്രതിനിധികളെയും ഉൾപ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം 2026 മഹാപഞ്ചായത്ത് തിങ്കളാഴ്ച കൊച്ചിയിൽ നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഏകദേശം 15,000 പേരെത്തുമെന്നാണ് കണക്കുകൂട്ടൽ. രണ്ട് മണിക്ക് മറൈൻഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടക്കം പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജിതർക്ക് കൂടി ഉത്തരവാദിത്തം നൽകുകയും ചേർത്തുനിർത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി. നാളെ ഉച്ചയ്ക്ക് 12.45ന് ചാർട്ടേഡ് വിമാനത്തിൽ രാഹുൽ ഗാന്ധി കൊച്ചിയിലെത്തും.
അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സമ്മർദം ചെലുത്തില്ലെന്ന് പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ലീഗിന്റെ ഭാഗത്ത് നിന്ന് യാതൊരു സമ്മർദവും ഉണ്ടാകില്ല. ആവശ്യമെങ്കിൽ ഏതു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ലീഗ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് നൽകതിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
മുൻകാലങ്ങളിൽ ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടും മുസ്ലിം ലീഗ് അത് സ്വീകരിക്കാതിരുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് യുഡിഎഫ് നേതൃത്വം ലീഗ് നേതാക്കൾക്ക് വിവിധ പദവികൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
