കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് എന്ന് പ്രചാരണം; നിഷേധിച്ച് ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴ: കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് പോകുന്നുവെന്ന പ്രചാരണങ്ങള്‍ തള്ളി മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍. ഷാനിമോള്‍ ഉസ്മാന്‍ പാര്‍ട്ടി വിടുമെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈ പ്രചാരണമാണ് ഇപ്പോള്‍ ഷാനിമോള്‍ ഉസ്മാന്‍ തള്ളിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വിഷയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിടുന്നുവെന്നായിരുന്നു പ്രചാരണങ്ങള്‍.

മുന്‍ സിപിഐഎം എംഎല്‍എ ഐഷ പോറ്റി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയതിന് പിന്നാലെയായിരുന്നു പ്രചാരണങ്ങള്‍ വന്നത്. മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിനൊപ്പം നിന്ന ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക് ചേര്‍ന്നത് വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസിന്റെ കേന്ദ്രത്തിനെതിരായ പ്രതിഷേധ പരിപാടിയില്‍ വെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് ഐഷാ പോറ്റിയെ സ്വീകരിക്കുകയായിരുന്നു.

മൂന്ന് തവണ കൊട്ടാരക്കര എംഎല്‍എയായിരുന്നു ഐഷാ പോറ്റി. തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഐഷാ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷാ പോറ്റി. എന്നാല്‍ അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല. പിന്നീട് സീറ്റ് ലഭിക്കാതെയും വന്നതോടെ പാര്‍ട്ടിയുമായി അകലുകയായിരുന്നു.

അതേസമയം ഐഷാ പോറ്റിക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് സിപിഐഎം നേതാക്കള്‍ ഉന്നയിച്ചത്. വര്‍ഗവഞ്ചനയാണ് ഐഷാ പോറ്റി ചെയ്തതെന്നും സ്ഥാനമാനങ്ങളോടുള്ള ആര്‍ത്തി എങ്ങനെ മനുഷ്യനെ വഷളാക്കുമോ അതാണ് അവര്‍ കാണിച്ചതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഐഷാ പോറ്റി വര്‍ഗവഞ്ചകയാണെന്ന് തോമസ് ഐസകും ആവര്‍ത്തിച്ചു.

എന്നാല്‍ വര്‍ഗവഞ്ചക എന്ന് വിളിക്കുന്നവര്‍ മറ്റ് പാര്‍ട്ടിയില്‍ നിന്ന് സിപിഐഎമ്മിലേക്ക് വന്ന സരിന്റേയും ശോഭനാ ജോര്‍ജിന്റെയും കാര്യം ഓര്‍ക്കണമെന്നായിരുന്നു ഐഷാ പോറ്റിയുടെ മറുപടി.

Exit mobile version