തൃശൂർ: 64-ാമത് കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ 64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജൻ സ്വാഗത പ്രസംഗം നടത്തി. രാവിലെ 9 നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തി. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ. രാജൻ എന്നിവരടക്കം ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന കലാമേളയിൽ 239 ഇനങ്ങളിൽ പതിനയ്യായിരം പ്രതിഭകൾ മാറ്റുരക്കും. 25 വേദികളിലായാണ് മത്സരം നടക്കുക. 25 ഹൈസ്കൂൾ വിഭാഗത്തിൽ 96ഉം ഹയർസെക്കൻഡറിയിൽ 105ഉം സംസ്കൃത, അറബി കലോത്സവങ്ങളിൽ 19ഉം വീതം ഇനങ്ങൾ നടക്കും. 12,000നും 14,000നും ഇടയിൽ കുട്ടികൾ പങ്കെടുക്കുമെന്നാണു കണക്ക്.
ഇത്തവണ ഓരോ വേദിക്കും പൂക്കളുടെ പേരാണ് നൽകിയിരിക്കുന്നത്. വേദികളുടെ പേരുകളിൽ താമര ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. ഇതിൽ പ്രതിഷേധം ഉയർന്നതോടെ വേദി 15ന് താമര എന്ന പേരിടുകയായിരുന്നു.
18-ാം തീയതിയാണ് സ്കൂൾ കലോത്സവത്തിന് കൊടി ഇറങ്ങുക. കലോത്സവത്തിൽ ഓവറോൾ ജേതാക്കളാകുന്ന ജില്ലയ്ക്കു 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പാണു സമ്മാനം.
