പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. സ്വർണ്ണ പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ, തന്ത്രിയെ കേസിൽ കുടുക്കിയതാണെന്നും അദ്ദേഹത്തിന് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
തന്ത്രിക്ക് ജാമ്യം നൽകുന്നതിനെ അന്വേഷണ സംഘം ശക്തമായി എതിർക്കുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ തന്റെ ആത്മീയ പരിവേഷവും ഉന്നത സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും ഇടയുണ്ടെന്ന് എസ്ഐടി പറയുന്നു. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണ്. ആചാര ലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ എസ്ഐടി വ്യക്തമാക്കുന്നു.
