ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയ് ഇന്നു സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനു ഹാജരാകും. വിജയ് രാവിലെ 7 മണിക്ക് ചെന്നൈ വിമാനത്താവളത്തിൽനിന്നും സ്വകാര്യ വിമാനത്തിൽ ഡൽഹിയിലേക്ക് പോയി. 11 മണിക്കാണ് ഡൽഹിയിലെ സിബിഐ ഓഫിസിൽ വിജയ് ചോദ്യം ചെയ്യലിന് ഹാജരാകുക.
നേരത്തെ, ടിവികെ പാർട്ടി നേതാക്കളായ എൻ.ആനന്ദ്, ആദവ് അർജുന, നിർമൽ കുമാർ എന്നിവരെ രണ്ടു തവണ സിബിഐ ചോദ്യം ചെയ്തിരുന്നു. വിജയ്‌യെ ആദ്യമായാണ് ചോദ്യം ചെയ്യുന്നത്. കരൂർ ദുരന്ത സമയത്ത് വിജയ് ഉപയോഗിച്ചിരുന്ന പ്രചാരണ വാഹനവും കഴിഞ്ഞ ദിവസം സിബിഐ വിശദമായി പരിശോധിച്ചിരുന്നു.
കരൂരിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ വിജയ് തന്നെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഡിഎംകെ സർക്കാരിന്റെ പ്രതികാര നടപടികളിൽ നിന്ന് രക്ഷപ്പെടാൻ സിബിഐ അന്വേഷണം സഹായിക്കുമെന്നായിരുന്നു വിജയ‌്‍യുടെ പ്രചാരണ തന്ത്രജ്ഞൻ ആധവ് അർജുനന്റെ ഉപദേശം. എന്നാൽ ഇപ്പോൾ സിബിഐ നേരിട്ട് വിജയ്‌യെ വിളിച്ചുവരുത്തിയത് പാർട്ടിക്കുള്ളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 27 നായിരുന്നു കരൂരില്‍ വിജയ്‌യുടെ റാലി ദുരന്തത്തില്‍ കലാശിച്ചത്. ആദ്യ ദിവസം 38 പേരാണ് മരിച്ചത്. തൊട്ടടുത്ത ദിവസമായ ഞായറാഴ്ച ചികിത്സയിലുണ്ടായിരുന്ന മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ 41 പേരുടെ മരണം സ്ഥിരീകരിച്ചു.
