ജോലിക്ക് ഭൂമി അഴിമതിക്കേസിൽ; ലാലുപ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചടി

ന്യൂഡൽഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചടി. റെയിൽവേയിലെ ജോലിക്ക് പകരമായി ഭൂമി കൈക്കൂലി വാങ്ങിയെന്ന അഴിമതിക്കേസിൽ ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ കോടതി കുറ്റം ചുമത്തി.

ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് ലാലുവിനും കുടുംബാംഗങ്ങൾക്കുമെതിരെ വിചാരണ തുടങ്ങാൻ ഉത്തരവിട്ടത്. ഭാര്യ റാബ്രി ദേവി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവരും വിചാരണ നേരിടണം. സിബിഐ നല്‍കിയ കുറ്റപത്രം അനുസരിച്ചാണ് വിചാരണ നേരിടുന്നത്. ഇരുവർക്കുമെതിരെ അഴിമതി, ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

2004 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ലാലുപ്രസാദ് യാദവ് റെയില്‍വെ മന്ത്രിയായിരിക്കെ നടത്തിയ ഇടപാടുകളാണ് സിബിഐ അന്വേഷിച്ചത്.

റെയില്‍വെയിലെ നിയമനങ്ങള്‍ക്ക് പകരമായി മന്ത്രിയും കുടുംബാംഗങ്ങളും ഉദ്യോഗാർത്ഥികളിൽ നിന്ന് തുച്ഛമായ വിലയ്ക്ക് ഭൂമി എഴുതിവാങ്ങി എന്നതാണ് ആരോപണം.

Exit mobile version