വേണുഗോപാലും സതീശനും എല്ലാ വർഗീയതയ്ക്കും പ്രോത്സാഹനം നൽകുന്നു: എ വിജയരാഘവൻ

പാലക്കാട്: കോണ്‍ഗ്രസിന് അസ്തിത്വം നഷ്ടപ്പെട്ടവെന്നും അധികാരത്തില്‍ വരില്ലെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. വര്‍ഗീയതയ്ക്ക് കീഴ്‌പ്പെട്ട നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത്. കെ സി വേണുഗോപാലും വി ഡി സതീശനും എല്ലാ വര്‍ഗീയതയ്ക്കും പ്രോത്സാഹനം നല്‍കുകയാണ്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കിയാല്‍ അതിന്റെ ലാഭം ഉണ്ടാക്കാമെന്ന് കരുതുന്ന നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ജമാഅത്തെ ഇസ്‌ലാമി മത തീവ്രവാദ സംഘടനയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു. തീവ്രവാദികളെ കൂട്ടുപിടിച്ച് ജയിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. കോൺഗ്രസ് അങ്കലാപ്പിലാണ്. വി ഡി സതീശൻ സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത് പരാജയ ഭീതിയിലാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണക്കുകയോ ന്യായീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി കൈകാര്യം ചെയ്യുമെന്ന സിപിഐഎം നേതാവ് എ കെ ബാലന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നുമായിരുന്നു ബാലൻ പറഞ്ഞത്.

Exit mobile version