പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച മനുഷ്യ സ്നേഹി. പരിസ്ഥിതിയെ നശിപ്പിച്ച് കൊണ്ട് ഒരു വികസനവും പാടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ പരിസ്ഥിതി ശാസ്ത്രജ്ഞന്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറായ ജനകീയനായ പരിസ്ഥിതി പ്രവര്ത്തകന്… ഇതെല്ലാമായിരുന്നു മലയാളികള്‍ക്ക് മാധവ് ഗാഡ്ഗില്‍. പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിവാദമായിരുന്നുവെങ്കിലും ഭാവി തലമുറയെ മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ ഇന്നും പ്രസക്തമാണ്.
പരിസ്ഥിതിയെ പൂര്‍ണമായി സംരക്ഷിച്ച് കൊണ്ട് മാത്രമേ വികസനം സാധ്യമാക്കാവൂ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇന്ത്യയിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്കുന്നതില് നിര്‍ണായക പങ്കുവഹിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനെയാണ് മാധവ് ഗാഡ്ഗിലിന്റെ മരണത്തോടെ രാജ്യത്തിന് നഷ്ടമായത്.
പരിസ്ഥിതി സംരക്ഷണ ചരിത്രത്തില്‍ മാധവ് ഗാഡ്ഗില്‍ എന്ന പേര് എന്നും സ്മരിക്കപ്പെടുന്നത് അദ്ദേഹം അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (WGEEP) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെയാണ്. 2011-ല്‍ സമര്‍പ്പിക്കപ്പെട്ട ഈ റിപ്പോര്‍ട്ട്, പശ്ചിമഘട്ടത്തിന്റെ 75 ശതമാനവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. പശ്ചിമഘട്ടത്തിലെ അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. 2024-ല്‍ കേരളത്തിലെ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അവഗണിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇന്നും സജീവ ചര്‍ച്ചാവിഷയമാണ്.
തന്റെ ആറ് പതിറ്റാണ്ടോളം നീണ്ട ശാസ്ത്ര ജീവിതത്തില്‍ എന്നും ഒരു ‘ജനപക്ഷ ശാസ്ത്രജ്ഞന്’ ആയിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ആദിവാസികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണത്തില്‍ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വാദിച്ചു. 2024-ല്‍ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (UNEP) അദ്ദേഹത്തെ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ ആയി തെരഞ്ഞെടുത്തിരുന്നു.
ജാതിവെറികളും അനാചാരങ്ങളും നിലനിന്നിരുന്ന സമൂഹത്തില്‍ പുരോഗമനചിന്തയും പരന്നവായനയും പ്രകൃതി സ്നേഹവുംകൊണ്ട് വേറിട്ടുനിന്ന അച്ഛനില്‍നിന്ന് കിട്ടിയ അറിവിന്റെ വെളിച്ചം മാധവിന്റെ ജീവിതത്തെ സമ്പന്നമാക്കി. പുണെയിലെ ഫെർഗൂസൻ കോളേജ്, ബോംബെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഹാര്‍വാഡ് യൂണിവേഴ്സിറ്റി എന്നിവയില്‍നിന്ന് ഉന്നതവിദ്യാഭ്യാസം നേടി വിദേശത്ത് എത്രയോ ഉയരങ്ങളിലെത്താന്‍ കഴിയുമായിരുന്നിട്ടും അദ്ദേഹത്തിന് ഇന്ത്യയില്‍ മടങ്ങിയെത്താനായിരുന്നു താത്പര്യം. പിന്നീട് ജീവിതസഖിയായി എത്തിയ സുലോചന ഫാട്ടക്കും ഹാര്‍വാഡില്‍ ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടാന്‍ പോയിരുന്നു. തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നെങ്കിലും രണ്ടുപേരുടെയും ബിരുദാനന്തര ബിരുദ പഠനശേഷമാണ് വിവാഹം നടന്നത്.
