കൊച്ചി: മന്ത്രവാദവും ആഭിചാരപ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യാന്‍ പ്രത്യേക സെല്‍ രൂപീകരിക്കുന്നതു സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഉചിതമായ നടപടിയെടുക്കാനായി കോടതി ഉത്തരവ് ചീഫ് സെക്രട്ടറിക്ക് നല്‍കുമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ് കുമാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് വിഎ ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഫെബ്രുവരി പത്തിന് പരിഗണിക്കാന്‍ മാറ്റി.
അന്ധവിശ്വാസ വിരുദ്ധ നിയമത്തിനുള്ള നടപടികള്‍ക്ക് കാലതാമസമുണ്ടാകുന്നത് കണക്കിലെടുത്താണ് ഇടക്കാല സംവിധാനമെന്ന നിലയില്‍ പ്രത്യേക സെല്‍ രൂപീകരിക്കാനുള്ള നിര്‍ദേശം ഹൈക്കോടതി മുന്നോട്ടുവച്ചത്.
നിലവിലെ നിയമങ്ങള്‍ മന്ത്രവാദവും ആഭിചാരപ്രവര്‍ത്തനങ്ങളും തടയാന്‍ പര്യാപ്തമാണെന്ന സര്‍ക്കാര്‍ നിലപാടും കോടതി കണക്കിലെടുത്തു. മന്ത്രവാദവും ആഭിചാരപ്രവര്‍ത്തനങ്ങളും തടയാന്‍ നിയമനിര്‍മാണം ആവശ്യപ്പെട്ട് കേരള യുക്തിവാദം സംഘം നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്.
