വന്ദേഭാരത് സ്ലീപ്പര്‍: ആദ്യത്തെ ട്രെയിനുകളില്‍ രണ്ടെണ്ണം കേരളത്തിന്

ന്യൂഡല്‍ഹി: ഉദ്ഘാടനത്തിന് തയ്യാറെടുത്ത് ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും പുതിയ ട്രെയിനായ വന്ദേഭാരത് സ്ലീപ്പര്‍. റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ അവസാന അതിവേഗ പരീക്ഷണം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. കൊല്‍ക്കത്ത-ഗുവാഹത്തി പാതയിലാണ് ആദ്യ സര്‍വീസ്. ഇതുള്‍പ്പെടെ ഈ വര്‍ഷം 12 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറങ്ങുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഇതില്‍ രണ്ട് ട്രെയിനുകള്‍ കേരളത്തിന് കിട്ടിയേക്കുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വന്ദേഭാരത് ട്രെയിനിന് മുന്‍ഗണന നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ആദ്യ സര്‍വീസ് നടക്കാനിരിക്കുന്ന അസമും ബംഗാളും കേരളത്തിനൊപ്പം തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ്. അങ്ങനെയാണെങ്കില്‍ തിരുവനന്തപുരം-ചെന്നൈ റൂട്ടിലാകും കേരളത്തിലേക്കുള്ള ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ഓടുക. തിരുവനന്തപുരം-ബെംഗളൂരു പാതയാണ് രണ്ടാമത് പരിഗണനയിലുള്ളത്. ഈ വര്‍ഷം അവസാനം 12 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കുകളിലെത്തും. അടുത്ത വര്‍ഷം ഇത് വിപുലീകരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കുന്ന കൊല്‍ക്കത്ത-ഗുവാഹാട്ടി റൂട്ടിലെ ട്രെയിനിന് 16 കോച്ചുകളാണ് ഉള്ളത്. ഫ്ളാഗ് ഓഫ് ചടങ്ങിനായി ഒരു ട്രെയിന്‍ ഗുവാഹാത്തിയിലേക്കും ഒന്ന് കൊല്‍ക്കത്തയിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.

Exit mobile version