മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി അന്തരിച്ചു

പൂനെ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് കല്‍മാഡി അന്തരിച്ചു. 81 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നരയ്ക്ക്.

ദീര്‍ഘനാള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസില്‍ ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

1965ല്‍ വ്യോമസേനയില്‍ പൈലറ്റായി ഔദ്യോഗക ജീവിതം ആരംഭിച്ച കല്‍മാഡി 1965, 71 വര്‍ഷങ്ങളിലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്തു. ഔദ്യോഗിക ജീവിതത്തില്‍ എട്ടു സേനാ മെഡലുകള്‍ ലഭിച്ചു. 1978ല്‍ മഹാരാഷ്ട്രാ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി അദ്ദേഹം 1982ല്‍ രാജ്യസഭാംഗമായി. 1996ല്‍ പൂനെയില്‍ നിന്നു ലോക്സഭയിലെത്തി. 1995 സെപ്റ്റംബര്‍ 16 മുതല്‍ 1996 ജൂണ്‍ 15 വരെ പിവി നരസിംഹറാവു സര്‍ക്കാരില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരുന്നു. പാര്‍ലമെന്റില്‍ റയില്‍വേ ബജറ്റ് അവതരിപ്പിച്ച ഏക സഹമന്ത്രിയും കല്‍മാഡി ആയിരുന്നു.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്‍, അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1996ല്‍ ഐഒഎ പ്രസിഡന്റായ കല്‍മാഡി, 2004ലും 2008ലും പദവിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

Exit mobile version