സുൽത്താൻ ബത്തേരി: പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത വിജിലന്‍സ് നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആദ്യം അന്വേഷിച്ച് വിജിലൻസ് തന്നെ ഉപേക്ഷിച്ച കേസാണിതെന്നും വാർത്ത തെറ്റാണെന്നും എങ്ങനെ അന്വേഷിച്ചാലും കേസ് നിലനിൽക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് നിന്ന് പണം പിരിച്ചു എന്നത് എം വി ഗോവിന്ദന്റെ കണ്ടെത്തലാണെന്നും താൻ പേടിച്ചുപോയെന്ന് അദ്ദേഹത്തോട് പറഞ്ഞേക്കെന്നും വി ഡി സതീശൻ പറഞ്ഞു.
‘ആ വാര്‍ത്ത ശരിയല്ല. അങ്ങനെ ശുപാര്‍ശ ചെയ്യാന്‍ പറ്റില്ല. ഈ കേസ് നിലനില്‍ക്കില്ലെന്ന് കണ്ട് വിജിലന്‍സ് തന്നെ ഉപേക്ഷിച്ചതാണ്. രണ്ടാമത് വീണ്ടുമൊരു പരാതി വന്ന് വീണ്ടും അന്വേഷണം നടത്തി. നാലഞ്ച് വര്‍ഷമായി അന്വേഷണം നടക്കുന്നു. ഏത് രീതിയില്‍ അന്വേഷിച്ചാലും നിയമപരമായി അത് നിലനില്‍ക്കില്ല. നൂറുശതമാനം പെര്‍ഫെക്ഷനോടെയാണ് പുനര്‍ജനിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തത്.
വിദേശത്ത് പോയി പണം പിരിച്ചുവെന്ന എം വി ഗോവിന്ദന്‍റെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. ‘വിദേശത്ത് നിന്ന് പണം പരിച്ചെങ്കിൽ കേസെടുക്കട്ടെ. അന്വേഷണം സിബിഐയ്ക്ക് വിടട്ടെ. എംവി ഗോവിന്ദന്‍ അങ്ങനെ കണ്ടെത്തിയെങ്കില്‍ അവര്‍ സിബിഐയ്ക്ക് കേസ് കൊടുക്കട്ടെ. വിജിലന്‍സ് റിപ്പോര്‍ട്ടൊക്കെ ഒന്ന് വായിച്ചുനോക്കാന്‍ പറ എംവി ഗോവിന്ദനോട്. ഒരുതവണ കേസ് വിശദമായി അന്വേഷിച്ചു. നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് തന്നെ റിപ്പോര്‍ട്ട് കൊടുത്തു. അത് ആഭ്യന്തരവകുപ്പ് അന്വേഷിച്ച് അംഗീകരിച്ചതാണ്. ഇനി ആരുമറിയാത്ത കണ്ടെത്തലുണ്ടെങ്കില്‍ കേസ് സിബിഐ അന്വേഷിക്കട്ടെ. ഇത് കേട്ടിട്ട് ഞാന്‍ പേടിച്ചുപോയെന്ന് പറഞ്ഞേക്ക് പരാതി കൊടുത്തവരോട്’, വി ഡി സതീശൻ പറഞ്ഞു.
