തൊണ്ടിമുതല്‍ കേസ്: ആന്റണി രാജു കുറ്റക്കാരന്‍, എംഎല്‍എ സ്ഥാനം തുലാസില്‍

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രിയും ഇടത് എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. മുന്‍ മന്ത്രിയുള്‍പ്പെടെ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. ഒന്നാം പ്രതിയായ കോടതി ജീവനക്കാരനായിരുന്ന ജോസ്, രണ്ടാം പ്രതി ആന്റണി രാജു എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് നിര്‍മിക്കല്‍, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളില്‍ പ്രതികള്‍ ശിക്ഷയ്ക്ക് അര്‍ഹരാണെന്നാണ് കോടതി കണ്ടെത്തിയത്.

കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 1994 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.

1990 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ലഹരി മരുന്നുമായി പിടിയിലായ വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആന്റണി രാജു തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്.

Exit mobile version