ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെയും നിർദേശപ്രകാരം ആഭ്യന്തര വിമാന സർവീസുകളിൽ ഇൻഡിഗോ നിയന്ത്രണം ഏർപ്പെടുത്തി. ദിവസേനയുള്ള സർവീസുകളിൽ 10 ശതമാനം കുറവ് വരുത്താനാണ് നിർദേശം. ഇതുപ്രകാരം 94 റൂട്ടുകളിലായി ഏകദേശം 130 വിമാനങ്ങൾ ഇൻഡിഗോ റദ്ദാക്കി.
എന്നാൽ, യാത്രക്കാർ ഏറെയുള്ള തിരക്കേറിയ റൂട്ടുകളെ ഈ തീരുമാനം കാര്യമായി ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ വിമാനത്താവളങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന സർവീസുകൾ പഴയപടി തുടരും. ഡൽഹി-മുംബൈ, ഡൽഹി-ബെംഗളൂരു, മുംബൈ-ബെംഗളൂരു തുടങ്ങിയ അതീവ തിരക്കേറിയ റൂട്ടുകളിൽ വിമാനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടില്ല. യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ചാണ് ഈ തീരുമാനം.
സർവീസുകൾ വെട്ടിക്കുറച്ചതിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് ബെംഗളൂരു വിമാനത്താവളത്തെയാണ്. ഇവിടെ നിന്ന് ഏകദേശം 52 സർവീസുകൾ (26 വീതം പുറപ്പെടലും എത്തുക്കലും) റദ്ദാക്കി. ഹൈദരാബാദ് (34), ചെന്നൈ (32), കൊൽക്കത്ത, അഹമ്മദാബാദ് (22 വീതം) എന്നിവിടങ്ങളിലും സർവീസുകൾ കുറച്ചിട്ടുണ്ട്.
ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള സർവീസുകളിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ കേരളത്തിലേക്കുള്ള പ്രധാന സർവീസുകളെ ഈ നിയന്ത്രണം വലിയ തോതിൽ ബാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഇൻഡിഗോയുടെ രാജ്യാന്തര സർവീസുകളെ ഡിജിസിഎയുടെ ഈ ഉത്തരവ് ബാധിക്കില്ല. നിലവിലുള്ള 300-ഓളം അന്താരാഷ്ട്ര വിമാനങ്ങൾ തടസമില്ലാതെ സർവീസ് തുടരും.
വിമാന ജീവനക്കാരുടെ കുറവും പുതിയ ഡ്യൂട്ടി സമയ നിയമങ്ങളും മൂലമുണ്ടായ പ്രതിസന്ധികളെത്തുടർന്നാണ് സർവീസുകൾ പുനക്രമീകരിക്കാൻ ഡിജിസിഎ നിർദേശിച്ചത്.
