തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്തി സിപിഐഎം സംസ്ഥാന സമിതി. ശബരിമല സ്വർണക്കൊള്ള വിവാദം തിരിച്ചടിയായതായി സംസ്ഥാന സമിതി വിലയിരുത്തി. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും കേസിലെ പ്രതിയുമായ എ പത്മകുമാറിനെ പാർട്ടി സംരക്ഷിച്ചുവെന്ന തോന്നൽ ഉണ്ടാക്കിയെന്നും നടപടി എടുക്കണമായിരുന്നുവെന്നും സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു. ന്യൂനപക്ഷ വോട്ടുകൾ കൈവിട്ടു. തിരിച്ചു പിടിക്കാൻ നടപടികൾ ഉണ്ടാവണമെന്നും ആവശ്യമുയർന്നു. തെരഞ്ഞെടുപ്പ് തോൽവി ചർച്ചചെയ്യാനായി ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിമർശനങ്ങൾ. 14 ജില്ലാ കമ്മിറ്റികളും ചർച്ച ചെയ്ത് തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിന്മേലുള്ള ചർച്ചയിലാണ് വിമർശനങ്ങൾ ഉയർന്നത്.
ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടി നേതൃത്വം എടുത്ത തീരുമാനം ഉചിതമായിരുന്നില്ല. കേസിൽ പ്രതിയായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ എ പത്മകുമാറിനെ പാർട്ടി സംരക്ഷിച്ചെന്ന തോന്നൽ പൊതു സമൂഹത്തിനുണ്ടായി. ശബരിമല വിവാദത്തിലെ എല്ലാതരത്തിലുള്ള പ്രശ്‌നങ്ങളും പാർട്ടിക്ക് അഭിമുഖീകരിക്കേണ്ടിവന്നു. താഴേതട്ടിൽ വീടുകൾ കയറി ഇറങ്ങി വോട്ടു ചോദിക്കുമ്പോൾ ശബരിമലയിലെ പ്രതികളെ സംരക്ഷിക്കുന്നത് എന്തിനെന്ന ചോദ്യം പാർട്ടി പ്രവർത്തകർക്ക് കേൾക്കേണ്ടിവന്നു. അതിന് ഉത്തരം പറയാൻ താഴേത്തട്ടിൽ പ്രവർത്തിച്ച സഖാക്കൾക്ക് കഴിഞ്ഞില്ലെന്നും സംസ്ഥാന സമിതിയിൽ അഭിപ്രായമുയർന്നു.
ന്യൂനപക്ഷ വോട്ടുകൾ കൈവിട്ടുവെന്നത് യാഥാർത്ഥ്യമാണെന്നും തിരിച്ചു പിടിക്കാൻ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും അല്ലാത്ത പക്ഷം നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ പ്രശ്‌നം നേരിടേണ്ടിവരുമെന്നും അംഗങ്ങൾ പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പു വെച്ചത് തിരിച്ചടിയായെന്നും സംസ്ഥാന സമിതി വിലയിരുത്തി. സിപിഐഎം- ബിജെപി ധാരണ എന്ന യുഡിഎഫ് പ്രചരണത്തിന് ഒരളവ് വരെ ഇതിലൂടെ വിശ്വാസ്യത കിട്ടി. ഇടത് സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വേറെ നിലയിൽ വ്യാഖ്യാനിക്കപ്പെട്ടുവെന്നും വിമർശനമുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ആലസ്യം വിനയായെന്നും വിലയിരുത്തലുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെ ജയം ഉറപ്പിച്ചായിരുന്നു പ്രവർത്തനം. ഇത് പ്രവർത്തകരെ അലസരാക്കി. ജയിക്കുമെന്ന അമിത ആത്മവിശ്വാസം സ്ഥാനാർത്ഥി നിർണയത്തെയും ബാധിച്ചു. തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ സംഘടനാപരമായ വീഴ്ചയുണ്ടായി. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികൾക്ക് വീഴ്ച ഉണ്ടായെന്നും വിമർശനമുണ്ട്. തിരുവനന്തപുരം കോർപറേഷനിലെയടക്കം വൻ തോൽവിയുടെ പശ്ചാത്തലത്തിലാണ് വിമർശനം. എന്നാൽ ഭരണവിരുദ്ധ വികാരം ഉണ്ടായില്ലെന്നാണ് സിപിഐഎം സംസ്ഥാന സമിതിയുടെ വിലയിരുത്തൽ.
അതേസമയം പ്രാദേശിക പ്രശ്‌നങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച ഉണ്ടായെന്നും വിമർശനമുണ്ട്. പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിനെതിരെയും സിപിഐഎം സംസ്ഥാന സമിതിയിൽ കടുത്ത വിമർശനമുയർന്നു. സമൂഹമാധ്യമങ്ങളിലെ എതിർ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിൽ സോഷ്യൽ മീഡിയ വിഭാഗം പരാജയപ്പെട്ടു. യുഡിഎഫിന്റെ സംവിധാനങ്ങളോട് കിടപിടിക്കുന്ന പ്രതിരോധം തീർക്കാനായില്ല. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡിഗാനം വൈറലാവുന്നത് പാർട്ടിക്കാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നേരിടാൻ സൈബർ വിഭാഗത്തിനായില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേതുപോലെ ന്യൂനപക്ഷ ധ്രുവീകരണം തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
