ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റു, ഇടപാടിന് ആദ്യം സമീപിച്ചത് തന്നെ; വ്യവസായിയുടെ മൊഴി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റുവെന്ന് വിദേശ വ്യവസായിയുടെ മൊഴി. തമിഴ്‌നാട് സ്വദേശിയായ ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നു. ഇതു തിരുവനന്തപുരത്തു വെച്ചായിരുന്നുവെന്നും വിദേശവ്യവസായിയുടെ മൊഴിയില്‍ പറയുന്നു. വ്യവസായി നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ച് എസ്‌ഐടി നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഡിണ്ടിഗലിലെത്തുന്നത്.

സ്വര്‍ണ ഉരുപ്പടികള്‍ പോറ്റി ഇടപാടുകാരനായ ഡി മണിക്ക് കൈമാറിയെന്നും, ഈ ഇടപാടിനായി ആദ്യം തന്നെയാണ് സമീപിച്ചതെന്നും വ്യവസായി മൊഴി നല്‍കിയതായാണ് സൂചന. തുടര്‍ന്നാണ് ഡിണ്ടിഗലിലെ ഡി മണി എന്ന സുപ്രഹ്മണിയിലേക്ക് എസ്‌ഐടി എത്തിയത്. എന്നാല്‍ പൊലീസ് അന്വേഷിക്കുന്ന ഡി മണി താനല്ലെന്നാണ് എസ്‌ഐടിയോട് പറഞ്ഞത്. എസ്‌ഐടി ഇക്കാര്യം വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് വിവരം. മണിയോട് ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മണിയുടെ ഫോണിലെ സിമ്മിന്റെ യഥാര്‍ത്ഥ ഉടമയെന്ന് പറയപ്പെടുന്ന, മണിയുടെ സുഹൃത്തായ ബാലമുരുകനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്‌ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈ ചോദ്യം ചെയ്യലുകള്‍ നിര്‍ണായകമാകുമെന്നാണ് സൂചന.

Exit mobile version