കോര്‍പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് ഒഴിയണം’; വികെ പ്രശാന്തിനോട് ആര്‍ ശ്രീലേഖ, കരാറുണ്ടെന്ന് മറുപടി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് ഒഴിയണമെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്തിനോട് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ഇന്നലെ ഫോണില്‍ വിളിച്ചാണ് ശ്രീലേഖ ഇക്കാര്യം ആവശ്യപ്പെട്ടത്.

കോര്‍പറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറി കൗണ്‍സിലറായ തന്റെ ഓഫീസിന് വേണം എന്നാണ് ആര്‍. ശ്രീലേഖയുടെ ആവശ്യം. എംഎല്‍എ ഓഫീസിനോട് ചേര്‍ന്ന മുറിയിലാണ് മുന്‍ കൗണ്‍സിലറിനും ഓഫിസുണ്ടായിരുന്നത്. ഈ മുറി ചെറുതാണെന്നാണ് ശ്രീലേഖയുടെ നിലപാട്. 2026 നിയമസഭാ തെരഞ്ഞെടുപ്പ് വരെ മുറിയ്ക്ക് വാടക കരാര്‍ ഉണ്ടെന്നാണ് വി കെ പ്രശാന്തിന്റെ നിലപാട്. പ്രതിമാസം 875 രൂപ വാടകയ്ക്കാണ് നിലവില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

ഏഴ് വര്‍ഷമായി ഓഫീസ് പ്രവര്‍ത്തിക്കുന്ന ഓഫീസാണ് ശാസ്തമംഗലത്തേത്. ഇത്തരം ഒരു ആവശ്യം കൗണ്‍സിലര്‍ ഉന്നയിക്കുന്ന ശരിയായ രീതിയല്ല, ഇത് സാമാന്യ മര്യാദയുടെ ലംഘനമാണ്. കൗണ്‍സിലര്‍ക്ക് സൗകര്യം പോരാത്തതിനാല്‍ എംഎല്‍എ മാറിത്തരണം എന്നാണ് ആവശ്യം, മുന്‍ മേയറോട് കൂടിയാണ് ഇക്കാര്യം പറയുന്നത്. ജനാധിപത്യ സംവിധാനത്തിന് യോജിച്ച നടപടിയല്ല. ബന്ധപ്പെട്ടവരോട് ചര്‍ച്ച ചെയ്തായിരിക്കില്ല ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്നാണ് കരുതുന്നതെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു.

അതേസമയം, കരാര്‍ നിലവിലുണ്ടെങ്കിലും കോര്‍പറേഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടാല്‍ എംഎല്‍എയ്ക്ക് ഓഫീസ് ഒഴിഞ്ഞുനല്‍കേണ്ടി വരും. ബിജെപിക്ക് മുന്‍തൂക്കമുള്ള കൗണ്‍സിലില്‍ ഇക്കാര്യത്തില്‍ എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.

Exit mobile version