പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പലയിടത്തും നാടകീയ രംഗങ്ങളും അട്ടിമറിയും

തിരുവനന്തപുരം: പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ പലയിടത്തും നാടകീയ രംഗങ്ങളും അപ്രതീക്ഷത കൂട്ടുകെട്ടുകളും. തൃശൂർ മറ്റത്തൂരിൽ ആകെയുള്ള എട്ട് കോൺഗ്രസ് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയെ പിന്തുണച്ചു. പത്തനംതിട്ട കോട്ടാങ്ങലിൽ എസ്ഡിപിഐ പിന്തുണയിൽ ജയിച്ച യുഡിഎഫ് പ്രസിഡന്റ് സ്ഥാനം രാജി വച്ചു.

പഞ്ചായത്ത് അധ്യക്ഷൻമാരുടെ തെര‍ഞ്ഞെടുപ്പിൽ പലയിടത്തും കണ്ടത് നാടകീയ രംഗങ്ങൾ. പാർട്ടിയിലെ കലഹത്തെതുടർന്ന് തൃശൂ‍ർ മറ്റത്തൂർ പഞ്ചായത്തിൽ ജയിച്ച എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും കൂട്ടത്തോടെ പാർട്ടിയിൽ നിന്ന് രാജിവെച്ചു. സ്വതന്ത്രയായി വിജയിച്ച ടെസ്സി ജോസ് കല്ലറക്കൽ പ്രസിഡന്‍റാകും.

പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയിൽ യുഡിഎഫ് വിജയിച്ചു. എന്നാൽ, എസ്ഡിപിഐ പിന്തുണ നിരസിച്ച യുഡിഎഫ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു. കോട്ടയം കുമരകം പഞ്ചായത്തിൽ ബിജെപി യുഡിഎഫ് കൂട്ടുകെട്ടിനാണ് ഭരണം. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രൻ എപി ഗോപിക്ക് യുഡിഎഫും ബിജെപിയും വോട്ട് ചെയ്തു. ഇതോടെ എൽഡിഎഫിനും യുഡിഎഫിനും 8 വീതം വോട്ടുകള്‍ ലഭിച്ചു. തുടർന്ന് വോട്ടെടുപ്പിലൂടെ യുഡിഎഫ്- ബിജെപി സഖ്യം അധികാരം പിടിച്ചു.

Exit mobile version