തിരുവനന്തപുരം: തിരുവനന്തപുരം മേയർ പദവി ലഭിക്കാത്തതിൽ അതൃപ്തി തുടർന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ. താൻ അപമാനിതയായെന്ന വികാരമാണ് ശ്രീലേഖ നേതാക്കളോട് പങ്കുവെച്ചത്. ശ്രീലേഖയെ അനുനയിപ്പിക്കാൻ പല ശ്രമങ്ങളും നേതാക്കൾ നടത്തിയെങ്കിലും ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നാണ് വിവരം. എങ്കിലും സമവായ ശ്രമം തുടരുകയാണ് നേതാക്കൾ. പുതിയ മേയർക്ക് ആശംസ പോസ്റ്റ് പോലും പങ്കുവെക്കാതെയാണ് ശ്രീലേഖയുടെ പ്രതിഷേധം. ഇന്നലെ മേയർ വിവി രാജേഷും ഡെപ്യൂട്ടി മേയർ ആശ നാഥും ശ്രീലേഖയെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. പ്രധാന നേതാക്കളെ കാണുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം എന്നായിരുന്നു വിവി രാജേഷിന്‍റെ വിശദീകരണം.
ഇന്നലെ രാവിലെ മേയരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകും മുമ്പ് ശ്രീലേഖ മടങ്ങിയിരുന്നു. ശ്രീലേഖ കൗൺസിൽ ഹാളിൽ നിന്ന് പുറത്തുപോയത് ചർച്ചയായിരുന്നു. ഹാളിൽ രാജേഷിന്‍റെ സത്യപ്രതിജ്ഞയും ആഘോഷവും പൊടിപൊടിക്കുമ്പോഴാണ് അതിലൊന്നും ചേരാതെ ആർ ശ്രീലേഖ മടങ്ങിയത്. ഹാളിന് പുറത്തേക്കിറങ്ങി അതിവേഗം വാഹനം വിളിച്ച് പോവുകയായിരുന്നു. ശാസ്തമംഗലത്ത് മത്സരത്തിന് ഇറക്കുമ്പോൾ തന്നെ സംസ്ഥാന ഭാരവാഹികളിൽ ചിലർ ഭരണത്തിലെത്തിയാൽ മേയർ പദവി ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്തെന്നാണ് വിവരം. അധികാരം പിടിച്ചശേഷം സംസ്ഥാന നേതൃത്വം ശ്രീലേഖയെ ഉറപ്പിച്ചിരുന്നു. സംസ്ഥാന നേതൃനിരയിലുള്ള ചിലനേതാക്കൾക്ക് വിവി രാജേഷിനോടുള്ള എതിർപ്പും ശ്രീലേഖയെ പിന്തുണക്കാനുള്ള മറ്റൊരു കാരണമായിരുന്നു. എന്നാൽ മുൻ അധ്യക്ഷന്മാരടക്കമുള്ള നേതാക്കളോട് ചർച്ച ചെയ്യാതെ ശ്രീലേഖയെ തീരുമാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്ര നേതാക്കളെ വിളിച്ച് കടുത്ത ആശങ്ക അറിയിച്ചതും പിന്നാലെ ആർഎസ്എസ് ഇടപെടലും പദവി രാജേഷിലേക്കെത്തിച്ചു.
