ക്രിസ്മസ് എന്നു കേൾക്കുമ്പോൾ കൊച്ചുകുട്ടികളുടെ പോലും മനസ്സിൽ ഉയരുന്ന ചിത്രമാണ് സാന്റാ ക്ലോസ്. കുടവയറും നരച്ചു നീണ്ട താടിയും ചുമന്ന നീണ്ട കുപ്പായവും കോണിന്റെ ആകൃതിയിലുള്ള നീണ്ടു ചുമന്ന തൊപ്പിയും തോളത്ത് സഞ്ചിയും കയ്യിൽ നീണ്ട ദണ്ഡുമായി പ്രത്യക്ഷപ്പെടുന്ന സാന്റാക്ളോസ് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള ബൈബിൾ പരാമർശങ്ങളിൽ രേഖപ്പെടുത്താത്ത സാന്റാക്ലാസ്സ് എന്ന കഥാപാത്രം, വർത്തമാനകാലത്ത് ലോകരാഷ്ട്രങ്ങളിൽ എങ്ങനെ ഇത്ര പ്രാധാന്യം നേടിയതിനെ പറ്റി നമുക്ക് നോക്കാം.
സാന്താക്ളോസ് എന്നും അറിയപ്പെടുന്ന വിശുദ്ധ നിക്കോളാസ് തുർക്കിയിലെ തുറമുഖ പട്ടണമായ പത്താറ ഗ്രാമത്തിലാണ് ജനിച്ചതെന്ന് പറയപ്പെടുന്നു. യേശുക്രിസ്തുവിന്റെ മരണത്തിന് 280 വർഷങ്ങൾക്ക് ശേഷം ജനിച്ച വിശുദ്ധ നിക്കോളാസ് ഒരു സമ്പന്ന കുടുംബത്തിൽ ആണ് ജനിച്ചത്. അദ്ദേഹം എപ്പോഴും ദരിദ്രരെ സഹായിച്ചിരുന്നു. ക്രിസ്തുമസുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യ-ഐതിഹാസിക വ്യക്തിയാണ് സെന്റ് നിക്കോളാസ്.
ഫാദർ ക്രിസ്തുമസ്, ക്രിസ്തുമസ് പാപ്പ എന്നീ പേരുകളിലറിയപ്പെടുന്ന സാന്റാക്ലോസ്. ക്രിസ്തുമസ് സന്ധ്യയുടെ (ഡിസംബർ 24) അർദ്ധരാത്രിയോടടുത്ത സമയത്തും വിശുദ്ധ നിക്കോളാസ് ദിനത്തിലും (ഡിസംബർ 6) ഇദ്ദേഹം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുവാൻ എത്തും എന്നാണ് വിശ്വാസം. ബിഷപ്പിന്റെ വസ്ത്രങ്ങൾ ധരിച്ച വിശുദ്ധ നിക്കോളാസാണ് യഥാർത്ഥത്തിൽ സാന്താക്ളോസ് എന്ന് പറയപ്പെടുന്നത്. ആധുനിക സാന്റാക്ലോസ് ചുവന്ന കോട്ടും വെളുത്ത കോളറും കഫും ചുവന്ന ട്രൗസറും കറുത്ത തുകൽ ബെൽറ്റും ബൂട്ടും ധരിച്ച, തടിച്ച്, വെള്ളത്താടിയുള്ള സന്തോഷവാനായ ഒരാളായാണ് ചിത്രീകരിക്കപ്പെടുന്നത്.
ധാരാളം സമ്പത്തിനുടമയായ നിക്കോളാസ് അവയെല്ലാം വിട്ട് സഭയിലെ വൈദിക സേവനത്തിനു സന്നദ്ധനായി. തുടർന്ന് ബിഷപ്പുമായി. നല്ല തീക്ഷ്ണവാനായ സഭാനേതാവും, ഉദാരമതിയായ മനുഷ്യസ്നേഹിയുമായി അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ട നിക്കോളാസ് സ്വതന്ത്രനായി. എ.ഡി. 345–ൽ അദ്ദേഹം നിര്യാതനായി.
രാഷ്ട്രീയ കാർട്ടൂണിസ്റ്റായ തോമസ് നാസ്റ്റിന്റെ സ്വാധീനം മൂലം 19-ആം നൂറ്റാണ്ടിൽ അമേരിക്കയിൽ ഈ രൂപം പ്രശസ്തമായി. ചുവന്ന കുപ്പായവും കൂർമ്പൻ തൊപ്പിയുമണിഞ്ഞ് മാനുകൾ വലിക്കുന്ന തെന്നുവണ്ടിയിൽ പുഞ്ചിരിയോടെ വരുന്ന നരച്ചമുടിയും താടിയുമുള്ള സാന്താക്ലോസ്. ക്രിസ്മസ് നാളുകളിൽ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വീടിന്റെ ചിമ്മിനിയിലൂടെ അദ്ദേഹം അകത്തേയ്ക്ക് ഇട്ടു കൊടുക്കുന്നുവെന്നാണ് സങ്കല്പം. ക്രിസ്മസ് ആഘോഷിക്കുന്ന എവിടേയും വളരെ പരിചിതനാണ് തോളിൽ സഞ്ചിയുമായി വരുന്ന സാന്തക്ലോസ്. കാർട്ടൂണിസ്റ്റായ തോമസ് നാസ്റ്റ് വരച്ച ഒരു ചിത്രത്തിൽ നിന്നാണ് നരച്ച മുടിയും താടിയും കൊഴുത്തുരുണ്ട ശരീര പ്രകൃതിയുള്ള തടിയൻ സാന്താക്ലോസിന്റെ ഇപ്പോഴത്തെ രൂപം ഉണ്ടായത്.
സാന്താക്ളോസിന്റെ ജനന മരണങ്ങളെപ്പറ്റി പറയുവാൻ കൃത്യമായ രേഖകളൊന്നും ചരിത്രത്തിലില്ല.
ഒരു ഇതിഹാസം പറയുന്നത് സാന്റാക്ലോസിന്റെ താമസം ദൂരെ വടക്ക്, എപ്പോഴും മഞ്ഞ് വീഴുന്ന ദേശത്താണ്. അമേരിക്കൻ സാന്റാക്ലോസിന്റെ താമസം ഉത്തരധ്രുവത്തിലും ഫാദർ ക്രിസ്ത്‌മസിന്റേത് ഫിൻലന്റിലെ ലാപ്‌ലാന്റിലുമാണ് എന്നാണ്. ഇദ്ദേഹം ലോകത്തിലെ എല്ലാ കുട്ടികളേയും “വികൃതിക്കുട്ടികൾ”,”നല്ലകുട്ടികൾ” എന്നിങ്ങനെ തരംതിരിക്കുന്നു. പിന്നീട് ഒരു രാത്രികൊണ്ട് നല്ലകുട്ടികൾക്കെല്ലാം മിഠായികൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ നൽകും.
എ.ഡി. മൂന്നോ നാലോ നൂറ്റാണ്ടുകളിൽ തുർക്കിയിലെ തുറമുഖ പട്ടണമായ പത്താറയിൽ ജനിച്ച നിക്കോളാസ് എന്ന വിശുദ്ധനാണ് സാന്താക്ളോസ് എന്ന ഇതിഹാസമായി മാറിയത്. ജീവിതകാലത്ത് തന്റെ ചുറ്റുമുള്ള അവശരേയും ദരിദ്രരേയും കയ്യും കണക്കുമില്ലാതെ അദ്ദേഹം സഹായിച്ചു. കുട്ടികൾക്കും പാവപ്പെട്ടവർക്കുമെല്ലാം അവരറിയാതെ തന്നെ അദ്ദേഹം ക്രിസ്മസ് സമ്മാനങ്ങൾ കൊടുത്തിരുന്നു.
അദ്ദേഹത്തിന്റെ കാലത്ത് ദരിദ്രനായ ഒരാൾക്ക് മൂന്ന് പെൺമക്കളുണ്ടായിരുന്നു. വിവാഹ പ്രായമെത്തിയിട്ടും, പണം ഇല്ലാത്തതിനാൽ അവരെ വിവാഹം ചെയ്യാൻ ആരും വന്നില്ല. ഇതറിഞ്ഞ നിക്കോളസ് പണം നിറച്ച മൂന്ന് സഞ്ചികൾ അവരുടെ വാതിലിലൂടെ അകത്തേക്കിട്ടു കൊടുത്തുവത്രെ. ആ പെൺകുട്ടികൾക്കു പണമുണ്ടായി എന്നറിഞ്ഞപ്പോൾ അവരെ വിവാഹം കഴിക്കാൻ ചെറുപ്പക്കാർ വന്നു എന്നും ഐതിഹ്യം പറയുന്നു.
എല്ലാ വായനക്കാർക്കും ശാന്തിയും സന്തോഷവും നിറഞ്ഞ കേരളധ്വനിയുടെ ക്രിസ്തുമസ് ആശംസകൾ.
ലേഖിക: ടീന സാറ ജോർജ് . കേരള ധ്വനി ഡോട്ട് കോം ദിനപത്രം ഉടമയും, മാനേജിങ്ങ് എഡിറ്ററുമായ ക്രിസ്റ്റിൻ കിരൺ തോമസിന്റെ ഭാര്യയാണ്.
