ഈ വർഷത്തെ ഈസ്റ്റർ ദിന ചിന്തകൾ. കുവൈറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ ലൈബ്രേറിയൻ ഡോക്ടർ സിറിയക്‌ ജോർജ്‌ എഴുതുന്നു

ഈ വർഷത്തെ ഈസ്റ്റർ ദിനം വളരെ പ്രത്യേകത അർഹിക്കുന്നു. ആദ്യ നൂറ്റാണ്ടിൽ ചക്രവർത്തിമാരെയും മഹാപുരോഹിതരെയും ഭയന്ന് ഭവനങ്ങളിൽ അടച്ചിട്ട മുറികളിൽ ദൈവത്തെ ആരാധിച്ചിരുന്ന ക്രൈസ്തവ സമൂഹത്തിന്റെയെന്നപോലെ, ലോകമെങ്ങും കോവിഡ് -19 എന്ന മഹാമാരിയെ ഭയന്ന് സകല ജനവും അവരവരുടെ ഭവനങ്ങളിൽ കഴിയാൻ നിര്ബന്ധിതരായിരിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും മറ്റു സമ്പന്ന രാജ്യങ്ങളിൽ പോലും മനുഷ്യൻ നിസ്സഹായനായി പരാജിതനായി മരണത്തെ മുഖാമുഖം കണ്ട് വിറച്ചു നിൽക്കുന്ന അവസ്ഥ.

ഇതേ അവസ്ഥയായിരുന്നു രണ്ടായിരത്തിലധികം വർഷങ്ങൾക്കപ്പുറം ക്രിസ്തുവിന്റെ അനുയായികൾക്കുണ്ടായിരുന്നത്. ലോകരക്ഷിതാവായി മാനവ ജനതയുടെ പാപത്തെ പോക്കുവാൻ ഈ ഭൂമിയിൽ പിറന്ന സാക്ഷാൽ ദൈവപുത്രനായ യേശുക്രിസ്തു ഇതാ കുരിശിൽ ആണികളേറ്റു , മുൾകിരീടമണിഞ്ഞു, നിസ്സഹായനായി, നിന്ദിതനായി , പരാജിതനായി , അപഹാസ്യനായി , തകർക്കപ്പെട്ടു , ചോരചീന്തി മരണത്തെ വരിക്കുന്നു.

സകലവും തകർന്ന അവസ്ഥ. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 20-ആം അദ്ധ്യായത്തിൽ മറിയയുടെ അവസ്ഥ പോലെ . ഗുരുവിന്റെ ശവശരീരമെങ്കിലും കിട്ടുമോ എന്ന ആശങ്ക; എന്നാൽ ലോകചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ചുകൊണ്ടു , സകല തകർച്ചകളെയും തകിടം മറിച്ചുകൊണ്ടു, ക്രിസ്തീയ സഭയുടെ അടിസ്ഥാനത്തിനും പ്രത്യാശക്കും കാരണമായി ഇതാ ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു. മരണത്തിന്റെമേൽ ജയാഘോഷം കൊണ്ടാടിയ നിമിഷം, ഇനി ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കെല്ലാം പുനരുത്ധാനത്തിൽ പങ്കാളികളാകാം . ഉത്വാനം ചെയ്ത കർത്താവിന്റെ ശക്തിയാണ് നമ്മിൽ പ്രകാശിക്കുന്നത് .

ഇനി പഴയനിയമ കാലത്തു പാപമോചനത്തിനായി ചെയ്തതുപോലെ കുഞ്ഞാടിനെ കൊന്നു രക്തം ചിന്തി പാപം മോചിക്കേണ്ട അവസ്ഥയില്ല മറിച്ചു നമ്മുടെ പാപങ്ങൾക്കുവേണ്ടി ബലിയാടായ ക്രിസ്തു തന്റെ രക്തം എന്റെ പാപങ്ങൾക്കുവേണ്ടി ചൊരിഞ്ഞു എന്ന് വിശ്വസിച്ചാൽ മാത്രം മതി. ഉയിർത്തെഴുന്നേറ്റവനായ ദൈവപുത്രനായ കർത്താവിന്റെ മരണത്തെ നിർവീര്യമാക്കുന്ന ശക്തി നമ്മിൽ വഹിക്കുന്നതിനാൽ ഏതു മഹാമാരിയെയും നാം അതിജീവിക്കും. ഏതു രോഗത്തെയും നാം ജയിക്കും , ഏതു നിരാശയും പ്രത്യാശയാക്കി മാറ്റുവാൻ ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ ശക്തി നമ്മിലുണ്ട്.

ഈ ഉത്ഥാനത്തിന്റെ പ്രത്യാശയാണ് ഈസ്റ്ററിന്റെ സന്ദേശം. ഉയിർത്തെഴുന്നേറ്റ ലോകരക്ഷിതാവായ ക്രിസ്തുയേശുവിന്റെ ശക്തി ഈ ലോക്‌ഡൗൺ കാലയളവിൽ നമുക്ക് ശാന്തിയും പ്രത്യാശയും നൽകുമാറാകട്ടെ. പൗലോസ് അപ്പോസ്തോലനോട് ചേർന്ന് നമുക്കും പറയാം ഹേ മരണമേ നിന്റെ വിഷമുള്ള് എവിടെ ? ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Dr. സിറിയക്‌ ജോർജ്‌
മെഡിക്കൽ ലൈബ്രേറിയൻ
കുവൈറ്റ് യൂണിവേഴ്സിറ്റി

Exit mobile version