ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആർഒ. ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാണിജ്യ ഉപഗ്രഹമായ ‘ബ്ലൂബേർഡ് ബ്ലോക്ക്-2’ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം 3 ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ബുധനാഴ്ച രാവിലെ 8.54 നായിരുന്നു വിക്ഷേപണം.
ഇന്ത്യയുടെ മണ്ണിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. ഏകദേശം 6,100 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം അമേരിക്കൻ കമ്പനിയായ ‘എഎസ്ടി സ്പേസ് മൊബൈലിന്റേതാണ്. സാധാരണ സ്മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് 4G/5G ബ്രോഡ്‌ബാൻഡ് സേവനങ്ങൾ എത്തിക്കുക എന്നതാണ് ഈ ഉപഗ്രഹത്തിന്റെ ലക്ഷ്യം. പ്രത്യേക ആന്റിനകളോ മറ്റ് ഉപകരണങ്ങളോ ഇല്ലാതെ തന്നെ ഭൂമിയിലെ ഏത് വിദൂര പ്രദേശത്തും മൊബൈൽ കവറേജ് ലഭ്യമാക്കാൻ സഹായിക്കും.
ഐഎസ്ആർഒയുടെ ‘ബാഹുബലി’ എന്നറിയപ്പെടുന്ന എൽവിഎം 3 റോക്കറ്റിന്റെ ആറാമത്തെ വിജയകരമായ വാണിജ്യ വിക്ഷേപണമാണിത്. ലോ എർത്ത് ഓർബിറ്റിലേക്കാണ് ഉപഗ്രഹത്തെ എത്തിച്ചിരിക്കുന്നത്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും അമേരിക്കൻ കമ്പനിയും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് ഈ വിക്ഷേപണം നടന്നത്.
എന്താണ് ബ്ലൂബേർഡ് ബ്ലോക്ക്-2?
ബഹിരാകാശത്ത് വിന്യസിച്ചിട്ടുള്ള ഏറ്റവും വലിയ വാണിജ്യ ആശയവിനിമയ ഉപഗ്രഹങ്ങളിൽ ഒന്നാണിത്. ഇതിന്റെ കൂറ്റൻ ആന്റിനകൾ ഭൂമിയിലെ സാധാരണ ഫോണുകളിലേക്ക് സിഗ്നലുകൾ നേരിട്ട് എത്തിക്കാൻ ശേഷിയുള്ളവയാണ്. ലോകമെമ്പാടും മൊബൈൽ കണക്റ്റിവിറ്റി ഇല്ലാത്ത ഇടങ്ങളിൽ ഇന്റർനെറ്റും ഫോൺ വിളികളും ലഭ്യമാക്കാൻ ഈ സാങ്കേതികവിദ്യ വിപ്ലവകരമായ മാറ്റം കൊണ്ടുവരും.
