ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍. മനുഷ്യരിലേക്ക് വൈറസ് പകരാൻ സാധ്യത ഉള്ളതിനാൽ രോഗ ബാധയുള്ള പക്ഷികളെ കൈകാര്യം ചെയ്യുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ ഇന്ന് 19,881 പക്ഷികളെ കൊന്നൊടുക്കും. പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് കൊല്ലുന്നത്. ആലപ്പുഴ ജില്ലയിൽ തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നെടുമുടിയിൽ കോഴികൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ആലപ്പുഴയ്ക്ക് പുറമേ കോട്ടയം ജില്ലയിലും ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് രോഗം സ്ഥിരീകരിച്ചത്. കാട, കോഴി എന്നിവയ്ക്കാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്.
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും (എസ്ഒപി.), സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും.
Subscribe
