പെരിന്തല്‍മണ്ണയിലെ ഹര്‍ത്താല്‍ പിന്‍വലിച്ച് യുഡിഎഫ്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മുസ്‌ലിംലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ച് യുഡിഎഫ്. ജനപിന്തുണയിലാണ് ഭരണമാറ്റമുണ്ടായതെന്നും അവരെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നജീബ് കാന്തപുരം എംഎല്‍എ അറിയിച്ചു. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ ഇന്ന് രാവിലെ 6 മുതല്‍ വൈകീട്ട് വരെയായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.

ദാരുണമായ ആക്രമണമാണ് പെരിന്തല്‍മണ്ണയില്‍ മുസ്‌ലിം ലീഗ് ഓഫീസിന് നേരെ സിപിഐഎം അഴിച്ചുവിട്ടതെന്ന് നജീബ് കാന്തപുരം പറഞ്ഞു. ‘സിപിഐഎം ഓഫീസിന് നേരെ ആക്രമണം ഉണ്ടായെന്ന കള്ളപ്രചാരണം നടത്തിയാണ് മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ചത്. തുടര്‍ന്ന് രാത്രി തന്നെ യുഡിഎഫ് പ്രതിഷേധിച്ചു. പെരിന്തല്‍മണ്ണ പൊലീസിന്റെ ഇടപെടലും അഭിനന്ദനം അര്‍ഹിക്കുന്നതാണ്’, നജീബ് കാന്തപുരം പറഞ്ഞു.

ഇന്നലെ രാത്രിയായിരുന്നു മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ആക്രമണം നടന്നത്. യുഡിഎഫ് വിജയാഘോഷ പ്രകടനത്തിനിടെ തങ്ങളുടെ ഓഫീസിന് നേരെ കല്ലെറിഞ്ഞതായി സിപിഐഎം ആരോപിച്ചു. ഇതിലുള്ള പ്രതിഷേധ പ്രകടനം നടക്കവെയാണ് ലീഗ് ഓഫീസായ സിഎച്ച് സൗധത്തിന് നേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് അക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുകയായിരുന്നു. ലീഗ് ഓഫീസിന് നേരെ കല്ലെറിഞ്ഞ കേസില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

Exit mobile version