BJPഉയർത്തിയ വെല്ലുവിളി തിരിച്ചറിഞ്ഞില്ല,ശബരിമല തിരിച്ചടിച്ചു;തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി വിലയിരുത്തിCPIM

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ തോല്‍വിക്ക് കാരണം ബിജെപി ഉയര്‍ത്തിയ വെല്ലുവിളി തിരിച്ചറിയാന്‍ കഴിയാതിരുന്നതാണെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. രാഷ്ട്രീയ- സംഘടനാ കാരണങ്ങളാലാണ് കനത്ത തോല്‍വി നേരിട്ടതെന്നും സെക്രട്ടറിയേറ്റില്‍ വിലയിരുത്തി. ശബരിമല വിവാദമടക്കം തോല്‍വിക്ക് കാരണമായെന്നും വിലയിരുത്തലുണ്ട്.

ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യ പോലും പ്രചാരണ വിഷയമാക്കാനായില്ല. സംഘടനപരമായ വീഴ്ച മൂലമാണ് അത് സംഭവിച്ചത്. ചുമതല നല്‍കിയ പലരും ഉത്തരവാദിത്വം നിര്‍വഹിക്കാതെ ഉഴപ്പി നടന്നു. കാരണക്കാരയവര്‍ക്കെതിരെ പാര്‍ട്ടി നടപടി ആലോചനയിലുണ്ടെന്നാണ് വിവരം. അതേസമയം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും.

അതേസമയം മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. പുന്നക്കാമുഗള്‍ കൗണ്‍സിലര്‍ ആര്‍ പി ശിവജിയെ മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫ് മത്സരിപ്പിക്കും. മത്സരിക്കാതെ നില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മത്സരിക്കാനുള്ള തീരുമാനം.

ഏത് പ്രതിസന്ധിയിലും ഒപ്പം നിന്നിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ 45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് എല്‍ഡിഎഫിന്റെ കയ്യില്‍നിന്ന് പോകുന്നത്. ആകെയുള്ള 101 സീറ്റില്‍ എന്‍ഡിഎ 50 സീറ്റ് നേടിയപ്പോള്‍ എല്‍ഡിഎഫ് 29 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു. യുഡിഎഫ് 19 സീറ്റുമായി മൂന്നാം സ്ഥാനത്താണ്. രണ്ട് സ്വതന്ത്രരാണ് ജയിച്ചത്. വിഴിഞ്ഞം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കഴിഞ്ഞ തവണ 51 സീറ്റായിരുന്നു എല്‍ഡിഎഫ് നേടിയത്. എന്‍ഡിഎ 34 സീറ്റ് നേടിയപ്പോള്‍ 10 സീറ്റായിരുന്നു അന്ന് യുഡിഎഫിന്.

Exit mobile version