കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരിക്കെ ഗർഭിണിയായ സ്ത്രീയെ മർദിച്ച സംഭവത്തിൽ നിലവിൽ അരൂർ എസ്എച്ച്ഒ ആയ സിഐ പ്രതാപചന്ദ്രനെതിരെ നടപടിയുമായി സർക്കാർ. പ്രതാപചന്ദ്രനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് പ്രതാപചന്ദ്രനെ സസ്‌പെൻഡ് ചെയ്തുകൊണ്ട് നടപടിയെടുത്തത്.
2024ൽ നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ പ്രതാപചന്ദ്രനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. തുടർന്നാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതാപചന്ദ്രനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള നടപടിയുണ്ടായത്. അന്വേഷണ വിധേയമായിട്ടാണ് സസ്‌പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിലാണ് ഇപ്പോൾ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള അടിയന്തര നടപടിയെടുത്തത്.
എറണാകുളം നോർത്ത് എസ് എച്ച് ഒ ആയിരുന്ന പ്രതാപചന്ദ്രൻ ഗർഭിണിയുടെ മുഖത്തടിക്കുന്നതും നെഞ്ചത്ത് പിടിച്ച് തള്ളുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2024 ജൂണിൽ നടന്ന സംഭത്തിൽ ഒരു വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പരാതിക്കാരിക്ക് ദൃശ്യങ്ങൾ ലഭിച്ചത്. 2024 ജൂൺ 20ന് രാത്രി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനുള്ളിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കൊച്ചിയിൽ ലോഡ്ജ് നടത്തുന്ന തൊടുപുഴ സ്വദേശിനി ഷൈമോളെ വനിതാ പോലീസുകാർ വട്ടത്തിൽ പിടിച്ചിരിക്കുന്നതാണ് ആദ്യം കാണുന്നത്.
ഇതിനിടെ അങ്ങോട്ട് വന്ന അന്നത്തെ എസ് എച്ച് ഒ പ്രതാപചന്ദ്രൻ ആദ്യം ഷൈമോളെ നെഞ്ചത്ത് പിടിച്ച് തള്ളി. തൊട്ടടുത്ത നിമിഷം മുഖത്തടിച്ചു. ഈ സമയം ഷൈമോളുടെ ഒക്കത്ത് കൈക്കുഞ്ഞുങ്ങളുണ്ടായിരുന്നു. നാല് മാസം ഗർഭിണിയുമായിരുന്നു ആ സമയം ഷൈമോൾ. ലോഡ്ജിടുത്ത് നിന്ന് തലേദിവസം ചില പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അത് ഫോണിൽ ചിത്രീകരിച്ച ഷൈമോളുടെ ഭർത്താവ് ബെഞ്ചോയെ പിറ്റേദിവസംപോലീസ് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഗർഭിണിയായ ഷൈമോൾ ഭർത്താവിനൊപ്പം ആശുപത്രിയിൽ പോകാനിറങ്ങിയപ്പോഴായിരുന്നു സംഭവം.
ഭർത്താവിനെ പൊലീസ് കൊണ്ടുപോയതിന് പിന്നാലെഷൈമോൾ കുഞ്ഞുങ്ങളെ കൂട്ടി സ്റ്റേഷനിലേക്ക് പോയി. എന്ത് കാരണത്താലാണ് കസ്റ്റഡിയെന്ന് കരഞ്ഞുകൊണ്ടു ചോദിച്ചു. പിന്നാലെയായിരുന്നു വനിതാ പോലീസുകാർക്ക് മുന്നിൽവച്ച് പ്രതാപൻറെ കൈയ്യേറ്റം ചെയ്യലുണ്ടായത്.
എന്നാൽ, ഷൈമോൾ കുഞ്ഞുങ്ങളുമായി വന്ന് സ്റ്റേഷനുമുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകായിരുന്നുവെന്നാണ് പ്രതാപ ചന്ദ്രന്റെ വാദം. സ്റ്റേഷനിലെത്തിയ ഷൈനി കുഞ്ഞുങ്ങളെ വലിച്ചെറിയാൻ നോക്കിയെന്നും വനിതാ പോലീസുകാരെ ചവിട്ടാൻ ശ്രമിച്ചെന്നും ഇത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് മർദ്ദനമുണ്ടായതെന്നുമാണ് പ്രതാപചന്ദ്രൻ പറയുന്നത്.
