കോട്ടയം: യുഡിഎഫ് പ്രവേശന ചർച്ചകൾ തള്ളി കേരള കോൺഗ്രസ് എം നേതൃത്വം. എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളെ അറിയിച്ചു എന്നാണ് വിവരം. യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്ന് ഓർമ്മിപ്പിച്ചായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
നിലവിലെ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തും. തിരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടില്ലെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു.തിരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ലെന്നും സ്റ്റീഫൻ ജോർജ് കൂട്ടിച്ചേർത്തു.
അതേസമയം, ജോസ് കെ മാണിയുടെ യുഡിഎഫ് പ്രവേശനവുമായി സംബന്ധിച്ച് ഇപ്പോൾ ആലോചനയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അത് രാഷ്ട്രീയ തീരുമാനമാണ് എന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
“യുഡിഎഫിലേക്ക് ആരെയും ക്ഷണിച്ചു കൊണ്ട് പുറകെ നടന്നിട്ടില്ല, യുഡിഎഫിലേക്ക് പലരും വരും. എൽഡിഎഫിൽ നിന്നും എൻഡിഎയിൽ നിന്നും മറ്റു കക്ഷികളിൽ നിന്നും എല്ലാമുണ്ടാകും. കോൺഗ്രസിലേയ്ക്ക് ഒരാളെ കൊണ്ടുവരാൻ തീരുമാനിക്കേണ്ടത് കെപിസിസിയാണ്. യുഡിഎഫിലേയ്ക്ക് ഒരാളെ കൊണ്ടുവരാൻ തീരുമാനിക്കുന്നത് യുഡിഎഫ് നേതൃത്വമാണ്. അതൊക്കെ സമയാ സമയത്ത് കൂടിയാലോചിച്ച് തീരുമാനിക്കും അതിന് നേതൃത്വം ഉണ്ട്. കൂടിയാലോചനകളുണ്ട്. ഉചിതമായ സമയത്ത് തീരുമാനം എടുക്കാൻ കഴിയുന്ന നേതൃത്വം ഉണ്ട്”.- വിഡി സതീശൻ പറഞ്ഞു.
“ഇതിനേക്കാൾ ശക്തമായ യുഡിഎഫ് നേതൃത്വമായിരിക്കും നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുക. ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പിൽ ലക്ഷ്യം വയ്ക്കുന്ന വിജയം എത്തിക്കുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഗ്രഹിക്കുന്ന സീറ്റുകളിൽ എത്തിയ്ക്കാൻ വേണ്ടി നമ്മൾ കഠിനാധ്വാനം നടത്തും”- പ്രതിപക്ഷ നേതാവ് പറഞ്ഞു.
Subscribe
