നൈർമല്യത്തിന്റെ കുരുത്തോലയും, ദു:ഖത്തിന്റെ കയ്പ്പും, ആഹ്ളാദത്തിന്റെ ഈസ്റ്ററും; സ്‌നേഹത്തിൻ്റെയും പ്രത്യാശയുടെയും തിരുനാള്‍ കൂടിയായ ഈസ്റ്റര്‍ ദിനത്തെക്കുറിച്ച് ക്രിസ് ഷിനു എഴുതുന്നു

ലോകത്തിൻ്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിൻ്റെ അനുസ്മരണമായി നാളെ ലോകമെമ്പാടും ഈസ്റ്റർ ആഘോഷിക്കുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മിക്ക രാജ്യങ്ങളിലെയും പള്ളികളിൽ ആഘോഷങ്ങൾ വെട്ടിച്ചുരുക്കിയെങ്കിലും വീടുകളിൽ ചെറിയ രീതിയിലെങ്കിലും ഈസ്റ്റർ ആഘോഷിക്കാൻ ഒരുങ്ങുകയാണ് ആഗോള ക്രൈസ്തവർ.

സ്‌നേഹത്തിൻ്റെയും പ്രത്യാശയുടെയും തിരുനാള്‍ കൂടിയായ ഈസ്റ്റര്‍ 50 ദിവസത്തെ നോമ്പാചരണത്തിൻ്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ആഘോഷിക്കുന്നത്. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നമുക്കു നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ.

ജീവിതത്തിൽ നിരവധിയായ പ്രശ്നങ്ങള്‍ നേരിടുമ്പോഴും ദുഖ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതാണ് യേശുവിൻ്റെ പുനരുത്ഥാനം. മരണത്തെ കീഴടക്കി യേശു ഉയര്‍ത്തെഴുന്നേറ്റതിൻ്റെ ആഹ്ലാദവുമായി ഈ ദിനം ദേവാലയങ്ങളിൽ ശുശ്രൂഷകൾ, ദിവ്യബലി, കുര്‍ബാന, തിരുകര്‍മ്മങ്ങള്‍ എന്നിവ നടത്തും

ആദ്യ നൂറ്റാണ്ടിൽ റോമിലെ ക്രിസ്ത്യാനികൾ ഈസ്റ്റർ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായർ എന്നായിരുന്നു. ആദിമ സഭകളിലെ വിശ്വാസികൾ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്. ‘ക്രിസ്തു ഉയിർത്തെഴുന്നേറ്റു’ എന്നൊരാൾ പറയുമ്പോൾ ‘സത്യം സത്യമായ് അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു’ എന്ന് മറ്റേയാൾ പ്രതിവചിക്കുമായിരുന്നത്രേ.

ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളിൽ പാസ്ക്ക (Pascha) എന്ന പേരിൽ ഈസ്റ്റർ ആചരിച്ചിരുന്നു. പാസ്ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തിൽ നിന്നാണ് ഉരുവായത്. ഈ പാസ്ക്ക പെരുന്നാൾ പീഡാനുഭവും മരണവും ഉയിർപ്പും ചേർന്ന ഒരു സമഗ്ര ആഘോഷമായിരുന്നു.

നാലാം നൂറ്റാണ്ടു മുതൽ ദുഃഖവെള്ളി വേറിട്ട് ആഘോഷിച്ച് തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്സോണിയന്മാർ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങൾ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റർ മാസം എന്നാണറിയപ്പെട്ടിരുന്നത്.

പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോൾ ഈസ്റ്റർ മാസത്തിൽതന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റർ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാർവത്രികപ്രചാരം നേടുകയും ചെയ്തു. സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾക്കിടയിൽ ഇപ്പോഴും ഈസ്റ്ററിനെ ഉയിർപ്പ് പെരുന്നാൾ എന്നർത്ഥമുള്ള ക്യംതാ പെരുന്നാൾ എന്ന് വിളിക്കുന്ന പഴയ പതിവും നിലനിൽക്കുന്നു.

പ്രവാചകനായ സക്കറിയ ബാബിലോണ്‍ തടവറയില്‍ നിന്ന്‌ ക്രിസ്‌തുവിനു 536 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ 50,000 ജൂതന്മാര്‍ക്കൊപ്പം ഇസ്രായേലില്‍ മടങ്ങി വന്നയാളാണ്‌. അങ്ങനെ തിരിച്ചുവന്ന ഇസ്രേലികള്‍ തികച്ചും മടിയന്മാരും അലസന്മാരുമായി കാണപ്പെട്ടിരുന്നത്‌ കൊണ്ട്‌ അവർ ജഡീകൻമാർ ആണെന്നും അവർക്ക് ആത്മീയത ആവശ്യമാണെന്ന്‌ അദ്ദേഹം മനസ്സിലാക്കി.

മനുഷ്യ മനസ്സുകളിലെ സംശയം ദൂരികരിച്ച്‌ അവര്‍ക്ക്‌ വിശ്വാസത്തിന്റെ വിളക്ക്‌ കാണിച്ചുകൊടുക്കാന്‍ അദ്ദേഹം തീര്‍ച്ചയാക്കി. അതിനായി വരാന്‍ പോകുന്ന കാര്യങ്ങൾ അദ്ദേഹം പ്രവചിച്ചു. അങ്ങനെ സക്കറിയ പ്രവാചകന്‍ എഴുതി `സിയോണ്‍ പുത്രിയെ ഉച്ചത്തില്‍ ഘോഷിച്ച്‌ ആനന്ദിക്കുക. യെരുശ്ശലേം പുത്രിയെ ആര്‍പ്പിടുക, ഇതാ നിന്റെ രാജാവ്‌ നിന്റെ അടുക്കല്‍ വരുന്നു, അവന്‍ നീതിമാനും, ജയശാലിയും താഴ്‌മയുള്ളവനുമായി കഴുതപ്പുറത്തും, പെണ്‍കഴുതയുടെ കുട്ടിയായ്‌ ചെറുകഴുതയുടെ പുറത്തും കയറി വരുന്നു’

അങ്ങനെ യേശുദേവന്‍ യെരുശലേമിലേക്ക്‌ പ്രവേശിച്ചു, ദാനിയല്‍ പ്രവാചകന്റെ  പ്രവചനങ്ങളുടെ സാക്ഷാത്‌കാരമായിരുന്നു യേശുവിന്റെ യെരുശ്ശലേമിലേക്കുള്ള രംഗപ്രവേശം. യെരുശ്ശലേം ജനത വഴിയില്‍ തുണികള്‍ വിരിച്ചും ഒലിവ്‌ കമ്പുകള്‍ നിരത്തിയുമാണ് യേശുദേവനെ എതിരേറ്റത്.

എന്നാല്‍ യേശുദേവന്റെ വരവില്‍ ആഹ്ലാദ ചിത്തരായി സങ്കീർത്തനങ്ങളായി ഓശാന ഓശാന എന്നാർത്തു പാടിയിരുന്നവർ തന്നെ അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക എന്നാര്‍ത്ത്‌ വിളിച്ചപ്പോൾ യെരുശലേം നടുങ്ങി.  യേശുദേവനെ അന്നത്തെ ഭരണകൂടം കുരിശിലേറ്റിയതു അങ്ങനെയാണ്.

യേശുദേവന്റെ കുരിശ്ശ്‌ മരണത്തിനുശേഷം അവന്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ പ്രതീകമായി ഈസ്‌റ്റര്‍ ആഘോഷിക്കുന്നു. അമ്പത്‌ നോയ്‌മ്പിനുശേഷം വരുന്ന ഈസ്റ്റർ ദിവസം വിശ്വാസികള്‍ക്ക്‌ ഉത്സാഹവും ആത്മസംതൃപ്‌തിയും നല്‍കുന്ന പുണ്യദിനമായി ലോകമെമ്പാടും ആചരിക്കുന്നു.

എല്ലാ വർഷവും ഡിസംബർ ‍25-ന് ആഘോഷിക്കുന്ന ക്രിസ്തുമസിൽ നിന്നും വ്യത്യസ്തമായി ഈസ്റ്ററിന് സ്ഥിരമായ തീയതി ഇല്ല. ഒരോ വർഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ച പീഡാനുഭവ വാരവും ആചരിക്കുന്നത്. എല്ലാ സഭകളും നീസാൻ മാസം 14-ന് ശേഷം വരുന്ന ഞായറാഴ്ച ഉത്ഥാനപ്പെരുന്നാൾ ആയി ആചരിക്കണമെന്ന് ക്രി.വ 325-ൽകൂടിയ നിഖ്യാ സുന്നഹദോസിൽ തീരുമാനമായി. ക്രിസ്തുവിന്റെ മരണം നീസാൻ 14-നായിരുന്നു എന്ന വിശ്വാസമാണ് ഈ നിശ്ചയത്തിന്റെ അടിസ്ഥാനം. വസന്തകാലത്ത് മാർച്ച് -ഏപ്രിൽ മാസങ്ങളിലായിട്ടാണ് നീസാൻ മാസം വരുന്നത്.

വസന്തകാലത്ത് സൂര്യൻ ഭൂമദ്ധ്യരേഖയിൽ വരുന്ന ദിവസം അഥവാ വസന്തവിഷുവം (Vernal Equinox) ആയ മാർച്ച് 21-ന് ശേഷം വരുന്ന പൂർണ ചന്ദ്രന് ശേഷം ഉള്ള ആദ്യത്തെ ഞായർ ഈസ്റ്റർ ആയി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. ഈ ഗണനപ്രകാരം ഈസ്റ്റർ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാർച്ച് 22-ഉം ഏറ്റവും വൈകിയുള്ള തീയതി ഏപ്രിൽ 25-ഉം ആണ്.

എന്നാൽ ജൂലിയൻ കലണ്ടർ അടിസ്ഥാനപ്പെടുത്തി ആരാധനാവർഷം നിശ്ചയിക്കുന്ന ചില പൗരസ്ത്യ സഭകളിൽ  ഈസ്റ്റർ ദിവസം ഗ്രിഗോറിയൻ കലണ്ടറിലെ ഏപ്രിൽ 4 മുതൽ മേയ് 8 വരെയുളള ഒരു ഞായറാഴ്ചയാണ് ആചരിക്കുന്നത്. 1953-ൽ മലങ്കര സഭ കൂടി ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചതോടെ കേരളത്തിലെ ബഹുഭൂരിപക്ഷം സഭകളും ഒരേ ദിനമാണ് ഈസ്റ്റർ ആഘോഷിക്കുന്നത്.

എന്നാൽ കേരളത്തിലെ കൽദായ സുറിയാനി സഭയടക്കം ഏകദേശം 20 കോടി ക്രൈസ്തവർ ഇപ്പോഴും ജൂലിയൻ കലണ്ടർ അനുസരിച്ചാണ് ഈസ്റ്റർ തീയതി നിശ്ചയിക്കുന്നതെന്നാണ് സൂചനകൾ . 2010-ലെയും 2011-ലെയും ഈസ്റ്റർ ദിനങ്ങൾ രണ്ടു കലണ്ടർ സമ്പ്രദായങ്ങൾ പാലിക്കുന്ന സഭകളിലും ഒരേ ദിനമാണ് ആഘോഷിക്കപ്പെട്ടത്. തുടർച്ചയായ വർഷങ്ങളിൽ ഇതു സംഭവിക്കുന്നത് അപൂർവ്വമാണ്.

ഈസ്റ്റർ ആഘോഷങ്ങളുടെ പ്രധാന വസ്തുവാണ് ഈസ്റ്റർ മുട്ട. ക്രിസ്തുവിന്റെ ഉയിർപ്പുമായി ബന്ധപ്പെട്ടതാണ് ഈസ്റ്റർ മുട്ടയുടെ ചരിത്രം. പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഈസ്റ്റർ മുട്ടകൾ .

ഈസ്റ്റർ മുട്ടകൾ കൂടുതലും ചുവപ്പു നിറത്തിലാണ് ഉണ്ടാക്കുന്നത്. പള്ളികളിൽ വീഞ്ഞ വിതരണം ചെയ്യുന്നതുപോലെ യേശുദേവന്റെ രക്തത്തെ ഓർമപ്പെടുത്താനാണ് ഇങ്ങനെ ചുവപ്പ് കളർ നൽകുന്നത്. കോഴിയുടെയോ താറാവിന്റെയോ മുട്ട തിളപ്പിച്ചു പുറന്തോട് ചായങ്ങൾ കൊണ്ട് അലങ്കരിച്ചെടുക്കുന്നതാണ് ഈസ്റ്റർ മുട്ട.

പിന്നീട് ചോക്ലേറ്റ് മുട്ടകളും, പല തരത്തിലുള്ള വർണാഭമായ മിഠായി മുട്ടകളും ഒക്കെ നിലവിൽ വന്നു. അകം പൊള്ളയായ മുട്ടകളും ചില രാജ്യങ്ങളിൽ ഉണ്ടാക്കാറുണ്ട് . ക്രിസ്തുവിന്റെ ഉയിർപ്പിനു ശേഷമുള്ള ഒഴിഞ്ഞ കല്ലറകളുടെ ഓർമ്മക്കായാണ് ഇത് ഉണ്ടാക്കുന്നതെന്നാണ് പറയപ്പെടുന്നത്.

പടിഞ്ഞാറൻ ഏഷ്യാ ഭൂഖണ്ഡത്തിലെ ക്രിസ്ത്യാനികളുടെ ഇടയിലാണ് ഇൗസ്റ്റർ മുട്ടകൾ ആചാരമായി തുടങ്ങിയത്. പിന്നീട് അതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു.

ഈസ്റ്റർ ദിനത്തിൽ രാവിലെ വീട്ടുകാർ മുട്ടകൾ കുട്ടികൾക്കായി ഒളിപ്പിച്ചുവയ്ക്കും. ഇതുപോലെ ഈസ്റ്റർ രാത്രിയിലെ ചടങ്ങുകൾക്കു ശേഷം ചില രാജ്യങ്ങളിലെ പള്ളികളിൽ ഈസ്റ്റർ മുട്ട വൈദികർ ആശീർവദിച്ച് വിശ്വാസികൾക്കു വിതരണം ചെയ്യാറുമുണ്ട്.

ലേഖിക – ക്രിസ് ഷിനു. ഓസ്ട്രേലിയ

കേരള ധ്വനി ഡോട്ട് കോം ഉടമയും, മാനേജിങ് എഡിറ്ററുമായ ക്രിസ്റ്റിൻ കിരൺ തോമസിന്റെ സഹോദരിയാണ്

Exit mobile version