കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ നൽകിയ ജാമ്യാപേക്ഷ തള്ളി. കട്ടിളപ്പാളി കേസിലെ ജാമ്യ ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്. അതേസമയം, ദ്വാരപാലക കേസിൽ പത്മകുമാർ റിമാൻഡിലാണ്.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളി കേസിലും പത്മകുമാറിനെ പ്രതി ചേർത്തിരുന്നു. 2019ൽ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വർണം മോഷ്ടിച്ച കേസിലാണ് പത്മകുമാറിനെ പ്രതി ചേർത്തത്. നേരത്തെ സ്വർണ കട്ടിളപ്പാളി കേസിലാണ് പത്മകുമാറിനെ പ്രതിചേർത്തിരുന്നത്. ഇതോടെ ശബരിമലയിലെ സ്വർണ കൊള്ളയിലെ രണ്ടു കേസിലും പത്മകുമാർ പ്രതിയായി. രണ്ടാമത്തെ കേസിലും പ്രതി ചേർത്തേതാടെ പത്മകുമാറിന് കേസിൽ കൂടുതൽ കുരുക്കായിട്ടുണ്ട്.
അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ശബരിമലയിലെ സ്വർണക്കട്ടിളപ്പാളിയും ദ്വാരപാലകശിൽപങ്ങളിലെ സ്വർണക്കവചവും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ടുവെച്ചത് പത്മകുമാറായിരുന്നെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോറ്റിക്ക് അനുകൂലമായ നടപടി സ്വീകരിക്കാൻ പ്രസിഡന്റ് നിർദേശിച്ചതായി ദേവസ്വം ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. ഈ നിർദേശത്തെ സാധൂകരിക്കുന്ന മൊഴികൾ എസ്ഐടിക്ക് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
2019 ഫെബ്രുവരി മുതലാണ് പത്മകുമാർ ഇതിനുള്ള ശ്രമങ്ങളും ഗൂഢാലോചനയും ആരംഭിച്ചത്. ഈ തീരുമാനം ബോർഡ് അംഗങ്ങൾക്ക് മുന്നിൽ വെച്ചതും ഇദ്ദേഹമായിരുന്നു. എന്നാൽ, പത്മകുമാറിന്റെ നിർദേശത്തെ ബോർഡ് അംഗങ്ങൾ പൂർണമായി അംഗീകരിച്ചിരുന്നില്ല. എന്നിരുന്നാലും, പത്മകുമാർ നിർദേശം മുന്നോട്ടുവെച്ചതിന് പിന്നാലെ മുരാരി ബാബുവിന്റെ നേതൃത്വത്തിൽ രേഖകൾ തയ്യാറാക്കുന്ന ഇടപാടുകൾ ആരംഭിച്ചു. 2019 ഫെബ്രുവരിക്ക് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
