രാഹുലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമല്ല’; സണ്ണി ജോസഫിനെ തള്ളി വി ഡി സതീശന്‍

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. കോണ്‍ഗ്രസ് പുറത്താക്കിയ എംഎല്‍ക്കെതിരെ പരാതി ലഭിച്ചപ്പോള്‍ അപ്പോള്‍ തന്നെ ഡിജിപിക്ക് കൈമാറിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഇന്നലെയായിരുന്നു സണ്ണി ജോസഫിൻ്റെ വിവാദ പരാമർശം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിക്ക് പിന്നിൽ ലീഗല്‍ ബ്രെയിന്‍ ഉണ്ടെന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. പരാതി വെൽ ഡ്രാഫ്റ്റഡ് ആണെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. മാധ്യമങ്ങൾക്ക് നൽകിയ ശേഷമാണ് പരാതി തന്നിലേക്ക് എത്തുന്നത്. അതിൻ്റെ ഉദ്ദേശം അറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. ഇന്നലെ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ദിനമായ ഇന്നും സണ്ണി ജോസഫ് നിലപാട് ആവർത്തിച്ചു. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്താമെന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.

‘നിയമം നിയമത്തിന്റെ വഴിക്ക് പോകും. രണ്ടാമത്തെ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിനുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും വിലയിരുത്താം. പരാതി എനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങള്‍ക്കും കിട്ടിയല്ലോ. ആസൂത്രിതമായ പരാതിയാണത്. എന്തായിരുന്നു അതിന്റെ ലക്ഷ്യം? കോടതിവിധി ഞാന്‍ കണ്ടു. ജനങ്ങള്‍ വിലയിരുത്തും’: സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി പ്രസിഡൻ്റിൻ്റെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവർ വ്യാപക വിമർശനം ഉയർത്തിയിരുന്നു. ഇതിനിടെയാണ് വാർത്താസമ്മേളനത്തിൽ സണ്ണി ജോസഫിനെ തള്ളി വി ഡി സതീശൻ രംഗത്തെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സതീശന്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. പി ടി കുഞ്ഞുമുഹമ്മദിന് എതിരെ ഒരു സ്ത്രീ പരാതി നല്‍കിയിട്ട് മുഖ്യമന്ത്രി 13 ദിവസം മൂടിവെച്ചുവെന്നായിരുന്നു സതീശൻ പറഞ്ഞത്. മുഖ്യമന്ത്രി നിലവാര തകര്‍ച്ചയിലാണ്. മുഖ്യമന്ത്രിക്ക് സമരങ്ങളോട് പുച്ഛമാണ്. പഴയ കമ്മ്യൂണിസ്റ്റില്‍ നിന്ന് പുതിയ ബൂര്‍ഷ്വായിലേക്ക് മുഖ്യമന്ത്രി മാറി. മുഖ്യമന്ത്രി തീവ്ര വലതുപക്ഷമാണ്. സരിത കേസില്‍ സെക്രട്ടറിയേറ്റ് വളഞ്ഞ സമരം മാത്രമേ മുഖ്യമന്ത്രിയുടെ ഓര്‍മ്മയില്‍ കാണൂ എന്നും സതീശൻ പറഞ്ഞു.

യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമിയുമായി ചേര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശത്തിനും സതീശന്‍ മറുപടി നല്‍കി. 42 വര്‍ഷം ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ തെരഞ്ഞെടുപ്പിനെ നേരിട്ടവരാണ് സിപിഐഎമ്മും എല്‍ഡിഎഫുമെന്നും സതീശന്‍ കുറ്റപ്പെടുത്തി. പി ടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കാലമായിട്ടും ഇരട്ട നീതി കാണിക്കുന്നുവെന്ന് സതീശന്‍ പറഞ്ഞു. വിദ്യാസമ്പന്നയായ ഒരു യുവതി പരാതി നല്‍കിയിട്ടും മറുപടിയില്ലെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Exit mobile version