ദിലീപിന് നീതി ലഭ്യമായി,അപ്പീൽ പോകുന്നത് സർക്കാരിന് വേറെ

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവേയായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.

‘ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായം. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാന്‍. കോടതി നീതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്’, അടൂര്‍ പ്രകാശ് പറഞ്ഞു.

വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെയും അടൂര്‍ പ്രകാശ് പരിഹസിച്ചു. സര്‍ക്കാരിന് വേറെ ജോലിയില്ലല്ലോയെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ആരെ ഉപദ്രവിക്കാന്‍ കഴിയുമെന്ന് നോക്കിക്കാണുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സര്‍ക്കാരാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം യുഡിഎഫിന് അനുകൂലമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘101 ശതമാനം പ്രതീക്ഷയുമായാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. അടൂര്‍ മുന്‍സിപ്പാലിറ്റി യുഡിഎഫ് ഭരിക്കും. എല്ലാ ഇടങ്ങളിലും തെരഞ്ഞെടുപ്പില്‍ ഏകോപനമുണ്ടാക്കികൊണ്ടാണ് കണ്‍വീനറെന്ന നിലയില്‍ മുന്നോട്ട് പോയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയമായി കാണുന്നത് ശബരിമലയിലെ തീവെട്ടിക്കൊള്ളയാണ്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നല്ല ഭൂരിപക്ഷത്തില്‍ വരും’, അദ്ദേഹം പറഞ്ഞു.

Exit mobile version