ഹൈക്കോടതിയില്‍ ആശ്വാസം; രാഹുലിന്റെ അറസ്റ്റ് തടഞ്ഞു

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്.

രാഹുലിന്റെ ഹര്‍ജി പരിഗണിച്ചാണ് നടപടി. ഡിസംബര്‍ 15 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോര്‍ട്ട് തേടി. കേസ് ഡയറി ഹാജരാക്കണമെന്നും നിർദേശിച്ചു. ആദ്യകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് രാഹുൽ ഹെെക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.

ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. മറ്റൊരു യുവതി കൂടി രാഹുലിനെതിരേ പരാതി നല്‍കിയിരുന്നു. ഇതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഈ കേസില്‍ പൊലീസിന് എംഎല്‍എയെ അറസ്റ്റ് ചെയ്യാം.

അതിജീവിതയുടെ പരാതിയനുസരിച്ച് എസ്‌ഐടി ചുമത്തിയ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. പൊലീസിനാണ് ആദ്യം പരാതി നല്‍കേണ്ടതെന്നും രാഹുല്‍ ഹർജിയിൽ പരാമർശിച്ചിരുന്നു. പരാതിക്കാരിയുടെ എല്ലാ ആക്ഷേപങ്ങളിലും തനിക്ക് മറുപടിയുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയ്യാറാണ്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. തെളിവുകള്‍ നല്‍കാന്‍ സാവകാശം വേണം. എസ്‌ഐടിക്ക് മുന്നില്‍ തന്റെ വാദം സാധൂകരിക്കാനായില്ലെങ്കില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നുമാണ് രാഹുൽ ഹർജിയിലൂടെ അറിയിച്ചിരുന്നു. അതേസമയം രാഹുൽ ഇപ്പോഴും ഒളിവിലാണ്.

Exit mobile version