തദ്ദേശ തെരഞ്ഞെടുപ്പ്: ‘പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗും

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗും അധികസുരക്ഷയും വേണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

ബൂത്തില്‍ അക്രമസാധ്യതയുണ്ടെന്ന് ഭയമുണ്ടെങ്കില്‍ സ്ഥാനാര്‍ഥിക്ക് വീഡിയോ ചിത്രീകരണം ആവശ്യപ്പെടാം. ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കണം. സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഇതിന് അനുവാദം നല്‍കും. സ്ഥാനാര്‍ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ ജീവന് ഭീഷണിയുണ്ടെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കണം. ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ പൊലീസ് മേധാവിക്കോ കമ്മീഷണര്‍ക്കോ അപേക്ഷ നല്‍കണമെന്നും ഹൈക്കോടതി നിർദേശിച്ചു. വോട്ടെടുപ്പ് ദിനം യുദ്ധദിനമാക്കരുതെന്നുമാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

ഡിസംബർ 9,11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായിട്ടാണ് ത്രിതല പഞ്ചായത്തുകളിലേയ്ക്കുള്ള വോട്ടെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9നാണ് വോട്ടെടുപ്പ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബ‍ർ 11നാണ് തെരഞ്ഞെടുപ്പ്.

കാലാവധി പൂർത്തിയായിട്ടില്ലാത്ത മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പുതിയതായി നടത്തിയ വാ‍ർഡ് വിഭജനത്തിന് ശേഷം ആകെ 23,612 വാർഡുകളാണുള്ളത്. മുൻപ് 21,900 ആയിരുന്നു. മട്ടന്നൂരിലെ 36 വാ‍ർഡുകൾ ഒഴിവാക്കി 23,576 വാർഡുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുക.

Exit mobile version