ഒടുവില്‍ കോണ്‍ഗ്രസും പറഞ്ഞു, കടക്ക് പുറത്ത്: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്ത്

തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാർട്ടിയില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ്. മുന്‍കൂർജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള പ്രഖ്യാപനവും പുറത്ത് വരുന്നത്.

‘രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.’ കോണ്‍ഗ്രസ് പുറത്തിറക്കിയ ഔദ്യോഗിക വാർത്താ കുറിപ്പില്‍ പറയുന്നു.

അതേസമയം, മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയതും രാഹുല്‍ മാങ്കൂട്ടത്തിലിന് കടുത്ത തിരിച്ചടിയായി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇന്നലെ ഒന്നേമുക്കാല്‍ മണിക്കൂറും ഇന്ന് ഇരുപത്തിയഞ്ച് മിനിറ്റും വാദം കേട്ടതിന് ശേഷമാണ് വിധി പറഞ്ഞത്.

ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിശദമായ വാദം കേട്ടെങ്കിലും ചില രേഖകള്‍ കൂടി സമര്‍പ്പിക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചതോടെ തുടര്‍വാദത്തിനായി മാറ്റുകയായിരുന്നു.

Exit mobile version